Monday, November 23, 2009

ഈറ്റില്ലം

ഈറ്റില്ലം

എന്നും ഓരോരോ ബഹളങ്ങള് അവന് കേള്ക്കാറുണ്ട്. ശ്രദ്ധിക്കാറില്ല. അതിന്റെ ആവശ്യവും ഇല്ല. അവന് ഗര്ഭപാത്രത്തിനകതാണ്. കൃത്യ സമയത്ത് ഭക്ഷണം, ഉറക്കം. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. സുഖം സുഖകരം. ഇതിനിടയില് അങ്ങനെയും ഇങ്ങനെയും ഉള്ള ഓരോ ശബ്ദങ്ങള് അവനെ അലോസരപ്പെടുത്തുന്നു. എന്നാപ്പിന്നെ എന്താ സംഭവം ന്ന് ഒന്ന് നോക്കണല്ലോ...'' അതെ നാളെ ചെക്കപ്പിനു പോണ്ട ദിവസാട്ടോ... മറന്നിട്ടില്ലല്ലോ? സ്കാനിങ്ങിനു പൈസ ശരിയായോ? കാറ് പറഞ്ഞിട്ടുണ്ടോ? നേരത്തെ എണീറ്റ് പണികള് കഴിക്കണം.. മോളെ സ്കൂളില് വിടണം. ഇതിനെടെല് നിങ്ങടെ അമ്മേടെ വായിലിരിക്കണതു മുഴേനും കേക്കണം..ഇതൊക്കെ പറഞ്ഞ്ട്ട് നിങ്ങളെന്താ മനുഷ്യാ ഒരക്ഷരം മിണ്ടാത്തത്? അല്ലേലും എനിക്കറിയാം.. മൂത്തതിന്റെ ഭാഗ്യോന്നും രണ്ടാമത്തെതിനില്ല. അവള് വയറ്റിലായിരുന്നപ്പോ എന്തായിരുന്നു ഒക്കെത്തിനും. തേനും പാലും ഒലിക്കല്ലായിരുന്നൊ? ഇപ്പൊ മൊത്തത്തില് നിങ്ങള് പിന്നോട്ടാ ..ഒന്നിനും ഒരു ശ്രധീല്ലയാ..നിങ്ങളിത് വല്ലതും കേക്കനോണ്ടോ?—''‘’നിന്റെ തീരട്ടെ..എന്നിട്ട് പറയാന്നു വിചാരിച്ചു. പൈസ ശരിയായി, കാറ് പറഞ്ഞ്ട്ടുണ്ട്, പിന്നെ ലീവില്ല, പക്ഷെ ശാരദ വരും, നീ പണികള് നേരത്തെ കഴിക്കണം, മോളെ സ്കൂളില് വിടണം, പിന്നെ അമ്മേടെ നാവിനു നീ തന്നെ മറുപടി കൊടുക്കണം. രണ്ടാമത്തെതിന് ഒട്ടും ഭാഗ്യല്ല്യന്നു നീ പറയരുത്. അവന് ഇങ്ങു വന്നോട്ടെ..ഭാഗ്യം ഒക്കെ അവന് കൊണ്ട് വരും. നമ്മുടെ പ്രശ്നങ്ങളൊക്കെ തീരും’’‘’ങേ!!! അവന് തന്ന്യാന്നു നിങ്ങള് ഒറപ്പിച്ചോ ? ഇത്രേം നാളായിട്ട് നമ്മളിത് വരെ അങ്ങനെ ഒന്ന് ചിന്തിചില്ല്യാലെ? ആദ്യത്തേതിന് എന്തൊക്കെ പ്രവചനങ്ങളായിരുന്നു.. എനിക്കും അതാ തോന്നുന്നേ..നല്ല ചവിട്ടു ചവിട്ടുന്നുണ്ട്..’’പുറമെയുള്ള ഈ സംഭാഷണം ഗര്ഭ പാത്രത്തിന്റെ ചുമരുകള്ക്കിടയിലൂടെ വന്നത് കൊണ്ടാവണം അവന് മുഴങ്ങിയെ കേട്ടുള്ളൂ. എന്തായാലും ചര്ച്ച എന്നെ കുറിച്ചാണ്. എന്നെ കുറിച്ച് തന്നെയാണ്. എന്നേം കൊണ്ട് നാളെ എങ്ങോട്ടോ പോകുന്നുണ്ട്...അവന് വീണ്ടും കാതോര്ത്തു....

''കുറച്ചു ദിവസത്തിനുള്ളില് ചിട്ടി പിടിക്കണം. ചെലവുകള് വരുവല്ലേ. സിസെരിയനെങ്ങാനുമാനെന്കില് പണിയായി. രണ്ടാമത്തെ പ്രസവം ഇവിടെ നോക്കാമെന്ന് ഞാന് പറഞ്ഞത് നിന്റെ അച്ഛനേം അമ്മയേം ബുധിമുട്ടിക്കണ്ടാന്നു വച്ചാ . നിന്റെ അനിയത്തീടെ കല്യാണം ഇപ്പൊ കഴിഞ്ഞല്ലെയുള്ളൂ.. ഹൌസിംഗ് ലോണ് അടക്കണം, പലിശ കൊടുക്കണം, വണ്ടീടെ പൈസ അടക്കണം, സഹകരണ ബാങ്കിലെ പൈസ അടക്കണം, LIC പ്രീമിയം വരാറായി. ഹോ അതിനിടയില ഇത് . വേണ്ടായിരുന്നൂന്നു തോന്നിയിരുന്നു. എന്നാലും ഇപ്പൊ തോന്നുന്നത് ഇത് തന്ന്യായിരിക്കും സമയം’’.''ദേ നിങ്ങള് അതും ഇതും പറയാണ്ട് കെടക്കാന് നോക്ക്യേ. ഒരു കാര്യം പറഞ്ഞേക്കാം. ഇതിനകത്ത് വളരനത് ഒരു ജീവന് തന്ന്യാ. അതിനു ചെലപ്പോ ഈ പറയണതൊക്കെ മനസ്സിലാവൂട്ടോ''. കഷ്ടം...എന്നെ ചുമക്കുന്നയാളും എനിക്ക് കാരണമായിട്ടുള്ളയാളും തമ്മിലുള്ള വര്തമാനമാണ്. അപ്പൊ എന്നെ കൊല്ലാന് ആദ്യം വിചാരിചിരുന്നുവല്ലേ? ഇവര്ക്കിതെങ്ങനെ തോന്നി? ദുഷ്ടന്മാര്.. ഇപ്പൊ ഞാന് വരുമ്പോ ഭാഗ്യോം കൊണ്ട് വരുമെന്ന് പറയുന്നു. എന്തായാലും എന്റെ വരവ് ഇവരുടെ സമാധാനം കേടുതിയിട്ടുന്ടെന്നു തീര്ച്ച. കുറെ കണക്കുകള് പറയുന്നത് കേട്ടില്ലേ? പിന്നെ വേറെ ചിലരെ പറ്റിയും പറഞ്ഞു. തന്നെക്കാള് മൂത്ത ഒരാളുണ്ട്. ചേച്ചിയാണ്. പിന്നെ മുത്തശി ഉണ്ട്. അമ്മയുടെ അനിയത്തി, അമ്മയുടെ അമ്മ, അച്ഛന് ഇവരെയ്ക്കെ കാണാന് കൊതിയായി. ഇനി മുതല് എല്ലാം ശ്രദ്ധിച്ചു കേള്ക്കണം.. ഉറക്കം''അമ്മെ എന്റെ മുടി കേട്ടിതന്നെ''.. ഇതേതാ ഈ ശബ്ദം. ഓ എന്റെ ചേച്ചിയാണ്..''നിന്റെ പണികള് അവിടെ വച്ചിട്ട് അതിന്റെ മുടി കെട്ടിക്കൊടുത്തു കൂടെ നിനക്ക്. ഞാന് തൊട്ടാ അപ്പൊ തൊടങ്ങും അലര്ച്ച. ഞാനില്ലേ''.. ഒരു പരുപരുത്ത ശബ്ദം.. മുത്തശി തന്നെ. അമ്മ എന്തൊക്കെയോ അടക്കം പറയുന്നുണ്ട്. ഒന്നും ശരിക്ക് കേള്ക്കാന് വയ്യ..വീണ്ടും ഉറക്കം.

എന്തൊക്കെയോ അസ്വസ്ഥതകള്. ഉണരുന്നു. സ്കാനിംഗ് നടക്കുകയാണ്. കിടക്കാന് ശരിക്കും ബുദ്ധിമുട്ടിയ പോലെ. അല്പം കഴിഞ്ഞു. ഡോക്ടര്: കുട്ടിക്ക് കുഴപ്പമൊന്നുമില്ല. പിന്നെ ഞാന് പറഞ്ഞ ആ എക്സര്സൈസോക്കെ ചെയ്യണം. പഴയ മെഡിസിന് കണ്ടിന്യു ചെയ്താല് മതി. ഓക്കേ? അമ്മ: താങ്ക് യു ഡോക്ടര് അമ്മ: വരൂ . ശാരദെ..ആ ശരി...ഇതേതാ പുതിയ ശബ്ദം..ഓ ശാരദ ചേച്ചിയാണ് ..ഇന്നലെ പറഞ്ഞ ആ ചേച്ചി .വീണ്ടും മയക്കത്തിലേക്ക്ഡിംഗ് ഡിംഗ് കേട്ടു ഉണര്ന്നു.അമ്മ: ആരാ?വന്നയാള്: സുകുമാരനാണ്. അവനറിയാം . അവന് ഇതുവരെ വന്നില്ലേ? അമ്മ: ആ മനസ്സിലായി...ചേട്ടന് വന്നിട്ടില്ല.സുകുമാരന്: കൊറേ നാളായി അവന് മുങ്ങി നടക്കുന്നു. രണ്ടു മാസായി ഇപ്പൊ പലിശയുമില്ല. മൊബൈലില് വിളിച്ചാല് എടുക്കാരുമില്ല.അമ്മ: ചേട്ടാ ഒരു ചിട്ടി കിട്ടാനുണ്ട്. അത് കിട്ടിയാല് അപ്പൊ തരും. സുകുമാരന്: ഇവിടെ ആയതു കൊണ്ട് ഞാന് ഒന്നും പറയുന്നില്ല. ഞാന് വന്നിരുന്നൂന്നു അവനോടു പറഞ്ഞേക്ക്. ഇനീം വരേണ്ടി വന്നാല് ഞാന് ഇങ്ങനെയൊന്നും ആവില്ല. അമ്മ: ഞാന് പറഞ്ഞോളാം.വീണ്ടും ശബ്ദം. ഹാവൂ മുത്തശി: അവസാനം അവരെ ഇവിടെ എത്തിച്ചപ്പോ സമാധാനമായില്ലേ?അമ്മ: ഞാനെന്തു ചെയ്തിട്ടാ ?മുത്തശി: ആകപ്പാടെ കടത്തില് മുങ്ങി നിക്കാ..അതിനെടേല് ഒരു ഗര്ഭോം അതാപ്പോ തന്നെ കളയാന്നു ഞാന് പറഞ്ഞതാ.അമ്മായിമ്മപ്പോര് ആകന്ടന്നു കരുതി അധികം പരയാഞ്ഞതാ. അവന് ചിന്തിച്ചു...അച്ഛന് അയാള്ക്ക് കാശ് കൊടുക്കാനുണ്ട്. അതല്ലേ ഈ ബഹളം..ഞാനെങ്ങാനും ആയിരുന്നെങ്കില് ഒറ്റ ചവിട്ടു കൊടുത്തേനെ. ആവൂ അമ്മെ...അമ്മയൊന്നു കരഞ്ഞു..ഛെ ചവിട്ടണ്ടായിരുന്നു. അമ്മക്ക് വേദനിച്ചോ? സോറി അമ്മെ..

ആഹാ നല്ല രസം...ചേച്ചീടെ പാട്ടാണ്. സുഖമുണ്ട്. കുറച്ചു കഴിഞ്ഞപ്പോ അത് നിന്നു. അച്ഛന്റെ ഒച്ച മുഴങ്ങി കേട്ടു. പിന്നെ ആകെ ബഹളം. മുത്തശി അച്ഛനോട് എന്തോ പറയുന്നു. അച്ഛന് മുതശിയോടുഎന്തോ പറയുന്നു. അമ്മ കരയുന്നു. അച്ഛന് എന്തൊക്കെയോ ചെയ്യുന്നുണ്ട്. ആകെ സഹിക്കാന് പറ്റാത്ത ശബ്ദങ്ങള്. ആ പലിശക്കാരന് കാരണമല്ലേ ഇതൊക്കെ ഉണ്ടായത്. ഒരു ചവിട്ടു കൊടുത്താലോ? വേണ്ട അമ്മക്ക് വേദനയാകും . ഇതുവരെ കേള്ക്കാത്ത ശബ്ദങ്ങള്. അടക്കം പറച്ചിലുകള്. പിറക്കാന് പോകുന്ന വീട്ടില് ദിവസവും മൂന്നു നാല് വഴക്കുകള്, കരച്ചിലുകള്, ഗദ്ഗദങ്ങള് . ചേച്ചീടെ പാട്ടും ഉമ്മകളും എത്ര ആശ്വാസം. പുറത്തു നിന്നും പാട്ടുകള്, സംഭാഷനങള് ഒക്കെ കേള്ക്കാറുണ്ട്. എല്ലാം മനസ്സിലാവാറില്ല. ഒന്നും സഹിക്കാന് വയ്യാതായിരിക്കുന്നു.എന്നെ പറ്റിയും കുത്ത് വാക്കുകള് തുടങ്ങിയിരിക്കുന്നു. ''ഈ കുരുത്തക്കേട് മുള പൊട്ടിയതില് പിന്നെ തൊടങ്ങീതാ ഇവിടത്തെ പ്രശ്നങ്ങള് ''. ..അപ്പൊ ഞാന് കുരുത്തം കെട്ടതാണെന്ന് ഇപ്പോഴേ ഉറപ്പിച്ചു അല്ലെ? ഇത്രയും വേണ്ടായിരുന്നു. വല്ലപ്പോഴും അമ്മയെ കാണാന് വരുന്ന ആളുകള്ക്ക് എന്നോട് സ്നേഹമുണ്ട്. എന്നെ പറ്റി എപ്പോഴും ചോദിക്കും. ചിലര് അങ്ങോട്ടും ഇങ്ങോട്ടും ഓരോരോ കുറ്റങ്ങള് പറയാറുണ്ട്.ഇവിടെ ടി വി എന്നൊരു സാധനമുണ്ട്..അതില് പാട്ട് എനിക്കിഷ്ടമാണ്. ബാകി കേട്ടാല് ആകെ വിഷമമാണ്..ഒന്നും നല്ലതില്ലെന്നെ..എല്ലാം മോശം കാര്യ്ങ്ങലാനെന്നു എല്ലാവരുടെയും സംസാരത്തില് നിന്നും മനസ്സിലായി..ഈ ലോകത്തേക്ക് തന്നെയാണല്ലോ ഞാനും വരന് പോണത്

ഇന്ന് അമ്മയെ ആശുപത്രിയില് കൊണ്ട് പോകാന് എല്ലാവരും തയ്യാറെടുക്കുകയാണ്. ഒരാഴ്ച മുമ്പേ അഡ്മിറ്റ് ചെയ്യനമത്രെ ഞാന് പുറത്തു വരാന് അധികം ദിവസമില്ല. എന്തായാലും ഞാന് പുറതോട്ടില്ല.. അതാണ് എന്റെ തീരുമാനം. രാവിലെ തന്നെ തുടങ്ങി വഴക്ക്. അച്ഛന് ലീവേട്തിട്ടുണ്ട്. ചേച്ചി സ്കൂളില് പോയി. അമ്മയുടെ അച്ഛനും അമ്മയും വന്നിട്ടുണ്ട്. അമ്മമ്മ അമ്മയോട് എന്തോ അടക്കം പറയുന്നുണ്ട്. പിന്നെ അമ്മയുടെ വക ഒരു ചെറിയ കരച്ചില്. അമ്മ കരയുമ്പോ എന്തോ എനിക്ക് വലിയ വിഷമമാണ്. പിന്നെയും ബഹളന്ങള്.അമ്മയുടെ വയറിനകത്ത് കിടന്നു കൊണ്ടുള്ള അവസാന വാഹന യാത്രയാണ്. മടങ്ങുമ്പോള് ഞാന് മടിയിലായിരിക്കുമോ? എവിടെ? അതിനു ഞാന് പുറത്തു വന്നെങ്കിലല്ലേ? വലിയ ശബ്ദം.. അമ്മ: എന്താത്? അല്പം കഴിഞ്ഞു അച്ഛന്: അവിടെ ബോംബ് പോട്ടിയത്രേ.. ഇനി ഇതിലെ ഇപ്പൊ പോകാന്നു വിചാരിക്കണ്ട. അമ്മ: ഈശ്വരാ കാതോളണേ .

പിന്നെയും യാത്ര. എത്തിയോ? ബഹളം തന്നെ.. ബോംബ് പൊട്ടിയതിന്റെ ആള്ക്കാരുടെ തിരക്കാണത്രേ ആശുപത്രീല്.അച്ഛന് ആരോടൊക്കെയോ തര്ക്കിക്കുന്നത് കേട്ട്..റൂം കിട്ടിയത്രേ . മുറിയില് വച്ചും അച്ഛന് ആരോടോ ഫോണില് തട്ടിക്കയരുന്നു. അമ്മമ്മയും അമ്മയും സംസാരിക്കുന്നു. അമ്മ മൂളുന്നുണ്ട്..ആ മൂളല് എന്തോ എനിക്ക് പിടിക്കുന്നില്ല. അങ്ങനെ വീണ്ടും ഓരോ കാര്യങ്ങള്.ശനിയാഴ്ചയല്ലേ ഡേറ്റ്. അന്ന് പാദ ദോഷമുള്ള നാളാ.. അതിന്റെ പിറ്റേന്നും മോശാ. അപ്പൊ നമുക്ക് വെള്ളിയാഴ്ച്ച ഓപറേഷന് നടത്താം.. അച്ഛന്റെ നിര്ദ്ദേശ പ്രകാരം മുത്തശി വന്നിരിക്കുന്നു. നോര്മല് ഡെലിവറി നടക്കില്ലത്രേ? എങ്ങനെ നടക്കാന്? ഞാന് ഇവിടന്നു വന്നിട്ട് വേണ്ടേ. മുത്തശി ശരിക്കും ശല്യം തന്നെ..എന്റെ വരവ് ഒരു ദിവസം നേരത്തെ ആക്കാന് വന്നിരിക്കുന്നു..എങ്ങനെ പുറത്തു വരാന് തോന്നും. അതിനും പോന്ന കാര്യങ്ങളല്ലേ ഇതുവരെ കേട്ടത്. ഓരോ നിമിഷവും അവന് ചിന്തിച്ചു കൊണ്ടിരുന്നു. പുറമേ കേട്ട് കൊണ്ടിരുന്ന ഓരോ കഥാപാത്രത്തിന്റെയും വാക്കുകള് അവനെ കുത്തി നോവിച്ചു. അവരുടെ ശബ്ദങ്ങളില് നിന്നും വന്നിരുന്ന കാര്യങ്ങള് ഈ ലോകത്തെ പറ്റി അവനില് ഒരു ധാരണ ഉണ്ടാകിയിരിക്കുന്നു. പണം, വിദ്യാഭ്യാസം, മതം, ജാതി, അപകടം, കൊല, ഭീകരത, യുദ്ധം. പ്രകൃതി, മരണം, ഹോ എനിക്ക് ഇങ്ങോട്ട് വരണ്ട. നല്ലത് കുറച്ചേ കേട്ടുള്ളൂ. പക്ഷെ ചിലരെയെങ്കിലും എനിക്ക് കാണണമെന്നുണ്ട്..എന്നാല്? കാണാതെ പോലും കുറ്റം പറഞ്ഞവര്..ഈ ലോകം..

സിസെരിയനു സമയമായി..എന്നെ പുറത്തെടുക്കാന് പോകയാണോ? ഇല്ല ഞാന് വരില്ല. സമ്മതിക്കില്ല. എനിക്കീ ലോകം കാണണ്ട. അവന് ചടഞ്ഞു കൂടി കിടന്നു. പുറത്തു വരുന്ന നിമിഷം അവനു ആലോചിക്കാന് കൂടി വയ്യ..അതെന്റെ മരണം ആയിരിക്കും..ആരോ പിടിച്ചു വലിക്കും പോലെ. തലയില് അമര്ത്തിയിരിക്കുന്നു.ഇല്ല ഞാന് വരില്ല.. എനിക്കാരേം കാണണ്ടാ. തല കറങ്ങുന്ന പോലെ..അര്ദ്ധ മയക്കത്തിന്റെ സുഖോഷ്മലത നഷ്ടപ്പെടുന്നു. എന്റെ മോഹം ഭംഗപ്പെട്ടിരിക്കുന്നു സര്വ്ശക്തിയുമെടുത്തു അവന് അലറിക്കരഞ്ഞു...പുറത്തു നിന്ന് ആരോടെന്നില്ലാതെ മുത്തശിയുടെ ശബ്ദം കേടു..''ഉം കൊച്ചു ഊമയല്ല''... ..............

©
സുജിത് ശിവരഞ്ജിനി

3 comments:

Bijli said...

sujith..valare nalloru kadha..ashamsakal....

ഗോപി വെട്ടിക്കാട്ട് said...

നന്നായിരിക്കുന്നു ..ആശംസകള്‍

RajeshShiva*രാജേഷ്‌ശിവ said...

നല്ല കഥ സുജിത്...ആശംസകള്‍....

*