Sunday, November 22, 2009

കഥ -വിഗ്രഹം

വിഗ്രഹം
-------
വിഷാദ രോഗവുമായി മല്ലിട്ട് ജീവിതം ഹോമിച്ചു കളഞ്ഞ ആത്മാക്കള്‍ക്കായ്,
ആത്മഹത്യാപ്രണയവുമായി ജീവിതം തള്ളിനീക്കുന്നവര്‍ക്കായ്,
അവരെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവരാന്‍ കണ്ണിലെണ്ണയൊഴിച്ചു
കാത്തിരിക്കുന്നവര്‍ക്കായ്,.....ഞാനീ കഥ സമര്‍പ്പിക്കട്ടെ.

വിഗ്രഹം

അപ്പോള്‍ ഞാനൊരു അര്‍ധമയക്കത്തിലായിരുന്നോ? തലക്കു ചുറ്റും കരിനാഗങ്ങള്‍ നൃത്തമാടാന്‍ തുടങ്ങിയിരുന്നു.അത് അവളുടെ വരവിന്‍റെ സൂചനയാണു്. എനിക്കറി‌യാം.....ഇപ്പോഴവള്‍ എന്‍റെ കട്ടിലിന്‍റെ തൊട്ടടുത്ത് എത്തിയിട്ടുണ്ടാകും.ശൂന്യമായ ദൃഷ്ടികളോടെ എന്നെ സൂക്ഷിച്ചു നോക്കുകയായിരിക്കും.
ഇപ്പോഴും ആ മുഖത്ത് പഴയ ദൈന്യത തന്നെയാണോ? പത്തിവിടര്‍ത്തിയാടുന്ന കരിനാഗങ്ങള്‍ എന്നെ ആ വ്യഗ്രതയില്‍ നിന്നും പിന്തിരിപ്പിച്ചു. കണ്ണുകള്‍ ഇറുക്കിയടച്ചു. പിന്നെ മെല്ലെ പിറുപിറുത്തു. പോകൂ.....നീ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. നിന്നെ ഞാനേറെ സ്നേഹിക്കുന്നു. എന്നിട്ടും....... എനിക്കു നിന്നെ പേടിയാണ്.
പനിക്കിടക്കയില്‍ എന്‍റെ ദേഹം വെന്തുരുകുന്നത് നീ അറിയുന്നില്ലേ? നെഞ്ചിലൂടെ ചിലന്തികള്‍ ഇഴയുന്നത് നീ കാണുന്നില്ലേ? കരിനാഗങ്ങളെ കാവലിരുത്തി നീ എന്തിനാണെന്നെ ഇങ്ങനെ പേടിപ്പിക്കുന്നത്? രാവിന്‍റെ ഏകാകിതയില്‍ നീ പതുങ്ങിപ്പതുങ്ങി വരുന്നു. നിശ്ശബ്ദം നോക്കി നില്‍ക്കുന്നു.
നിന്‍റെ കണ്ണുകളിലെ ശൂന്യത.....അതെന്നെ ഭയപ്പെടുത്തുന്നു.പണ്ടും എനിക്കു നിറെ കണ്ണുകളെ നേരിടാന്‍ ഭയമായിരുന്നു. ...അതില്‍ നിന്നും രക്ഷ നേടാന്‍ ഏറെപണിപ്പെട്ട് ഞന്‍ നിന്നോട് സംസാരിക്കാന്‍ ശ്രമിക്കുമായിരുന്നു.പക്ഷെ അത് ഒരു വികൃത സ്വരത്തിലേ അവസാനിക്കാറുള്ളു.
നക്ഷത്രപ്പൂക്കള്‍ ചൊരിയാറുള്ള നിന്‍റെ കണ്ണുകള്‍ എങ്ങനെ ശൂന്യമായി?.....എന്തായിരുന്നു നിന്‍റെ മനസ്സില്‍? അലകളും ചുഴികളുമൊളിപ്പിച്ചു വെച്ചൊരു സമുദ്രമായിരുന്നോ നീ?

കണ്ണുകള്‍ക്കു മുന്‍പിലെ നേരിയ മഞ്ഞിന്‍ കനം തുടച്ചു നീക്കുമ്പോള്‍ എനിക്കു കാണാം ......നീ ഒരു ഇടുങ്ങിയ മുറിയില്‍....പ്രകാശം കടക്കാത്ത ഈറന്‍ വാട നിറഞ്ഞു നിന്നിരുന്ന ഒരു ആശുപത്രിമുറിയായിരുന്നു അത്.

നിന്‍റെ നീളന്‍മുടി പാറിപ്പറന്നിരുന്നു.കണ്ണുകള്‍ കുഴിഞ്ഞിരുന്നു.ഒരു വാക്കെങ്കിലും ഉരിയാടി കേള്‍ക്കാന്‍ കൊതിച്ചപ്പോള്‍ ഏതോ ഗുഹയില്‍ നിന്നെന്നപോലെ വാക്കുകള്‍ ചിതറിവീണു.
"നെറ്റിയിലെ ഈ ഞെരമ്പാണ് എന്നെക്കൊണ്ട് കൂകി വിളിപ്പിക്കുന്നത്. ഇന്നലെ എന്‍റെ തലയോട് ട്രഫീന്‍ കൊണ്ട് തുളാച്ചു.ഈ ദ്വാരം കണ്ടോ?" അവള്‍ തല കുനിച്ചു കാണിച്ചുതന്നു.

"ഇന്ന് ഡോക്റ്റര്‍ പീനെ വന്നാല്‍ എന്‍റെ കാലിലെ ചങ്ങലയഴിക്കും."
ഒരു ഞെട്ടലോടെ ഞാന്‍ അവളുടെ കാലിലേക്കു നോക്കി.ഇല്ലാത്ത ചങ്ങലയുമായി കാലുകള്‍ നീട്ടി അനങ്ങാതിരിക്കുകയാണ് അവള്‍. പിന്നെയും എത്ര നാള്‍ ആ ഇരുട്ടറയില്‍........!

നിനക്കറിയാമോ നിന്നെപ്പേടിച്ചാരും ആ വഴി പോകാറില്ലത്രെ! " അറുകൊലയല്ലെ അടങ്ങാന്‍ പ്രയാസമാണ്." കറങ്ങുന്ന തീജ്വാല പലരും കാണാറുണ്ടെന്ന്. അതിനുള്ളില്‍ നൃത്തം ചെയ്തു നീ.......പിന്നെയൊറു വിഗ്രഹമായസ്തമിച്ചു. നിന്‍റെ വിരലുകളില്‍ വിടര്‍ന്നതേതു മുദ്രയായിരുന്നു? നിന്‍റെ താണ്ഡവത്തില്‍ ദഹിച്ചതാരായിരുന്നു?
കരിനാഗങ്ങള്‍ ഇളകിയാടിയോ? വിഗ്രഹം എന്‍റെ നേരെ കൈകള്‍ നീട്ടുന്നു......നീണ്ടു നീണ്ടു വരുന്ന നഖങ്ങള്‍ എന്‍റെ കണ്ണുകള്‍ക്കു നേരെ......വന്യമായൊരു ചിരിയില്‍ നിന്‍റെ ദംഷ്റ്റ്രകള്‍ തെളിയുന്നു. വെന്ത് മാംസം ഊര്‍ന്നൂര്‍ന്ന് എന്‍റെ മുഖത്തേക്ക്....കണ്ണുകളുടെ സ്ഥാനത്ത് രണ്ടു കുഴികള്‍ മാത്ര്ം.
എന്‍റെയടുത്ത് കിടക്കുന്നതും ഗാഡ ഗാഡം പുണരുന്നതും നിസ്സഹായതയോടെ അറിഞ്ഞു.ഉരുക്കുശക്തിയില്‍ നിന്നും കുതറിമാറാനായില്ല....അലറിക്കരയാനായില്ല....
ഹൃദയം ദ്രുതതാളത്തിലായ നിമിഷം ഞാനറിഞ്ഞു ദുഃസ്വപ്നമായിരുന്നു. വിയര്‍ത്തു കുളിച്ചു കിടക്കുമ്പോള്‍ വീണ്ടുമൊരു മയക്കത്തെ ഞാന്‍ ഭയന്നു.അവള്‍ പോയിട്ടുണ്ടാവില്ല.ഏതു നിമിഷത്തിലുംവീണ്ടും ആക്രമിക്കപ്പെടാം. പോകൂ.....ഞാന്‍ മന്ത്രിച്ചു കൊണ്ടേയിരുന്നു.

എന്തിനാണിങ്ങനെ പാത്തും പതുങ്ങിയും വരുന്നത്? ആളുകളുടെ അനക്കം കേട്ടാല്‍ അപ്രത്യക്ഷയാകും അല്ലേ?
എന്‍റെ സന്ധികളില്‍ നിന്നു സം‍ഗീതമുയരുന്നതു നീ ആസ്വദിക്കുകയാണോ? ആര്‍ത്രൈറ്റിസ് മുറുകുമ്പോള്‍ നാം സം‌ഗീതോപകരണങ്ങളായിത്തീരുമെന്നു ഞാന്‍ പണ്ടും പറയാറുണ്ട്.പലപ്പോഴും അതിന്‍റെ സിംഫണി ആസ്വദിക്കാറുമുണ്ട്. പക്ഷെ ഇപ്പോല്‍ എന്‍റെ നീരു വന്ന സന്ധികളും നിന്‍റെ സാമീപ്യവുമെന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.
ഞാന്‍ നിന്നെ വിഷമിപ്പിക്കന്‍ പറഞ്ഞതല്ല.നിന്‍റെ വിതുമ്പുന്ന ചുണ്ടുകള്‍ ഞാന്‍ കാണുന്നുണ്ട്. വേണ്ടാ....നമുക്കു വിഷയം മാറ്റാം.
നിനക്കെന്‍റെ കോളേജിലെ വിശേഷങ്ങളറിയണ്ടേ? അന്നെന്‍റെ കോളേജിലെ ആദ്യത്തെ ദിവസമായിരുന്നു.
തിരിച്ചുവരാന്‍ എന്തേ നീ കാത്തു നിന്നില്ല?
ഒത്തിരിയൊത്തിരി വിശേഷങ്ങളുമായി ഞാന്‍ എത്തിയപ്പോഴേക്കും അഗ്നിച്ചിറകുമായി നീ പറന്നകന്നിരുന്നു.
'വിഷാദ'ത്തിന്‍റെയഗ്നിയില്‍ നീയുമൊരു ഹവിസ്സായിത്തീര്‍ന്നു.നിനക്കു പ്രിയപ്പെട്ടതെല്ലാം നീയൊരുക്കിയ ചിതയില്‍ എരിഞ്ഞു പോയി.ഒത്തിരിയൊത്തിരി സ്വപ്നങ്ങള്‍........ഉള്ളിലൊതുക്കിയ നൊമ്പരങ്ങള്‍......എല്ലാം....ഇന്നു നീ എല്ലാവര്‍ക്കും ഒരു പേടിസ്വപ്നമായി മാറിയിരിക്കുന്നു.ഹവനങ്ങളുടെയും മന്ത്രങ്ങളുടേയും പിടിയിലൊതുങ്ങാതെ പാറി നടക്കുകയാണത്രെ!
എന്‍റെ കുട്ടീ, ആരാണു നിന്‍റെ മരണത്തിനുത്തരവാദി? കുടുംബത്തിന്‍റെ പിടിവാശിയോ? മനസ്സിന്‍റെ താളം മാറ്റാന്‍ മരുന്നുകള്‍ക്കാവില്ല എന്നു ശഹ്ടിച്ച അജ്ഞതയോ?

രോഗത്തിന്‍റെ അസ്വാഭാവികത മൂടിവെച്ച ഭിഷഗ്വരനോ? ആരാണതിനുത്തരവാദി?
ഒരു കാര്യമുറപ്പാണു്.
ഇതേയുന്മാദത്തിന്‍റെ മൂര്‍ധന്യതയിലായിരുന്നു പ്രണയിനിക്കു ചെവി അറുത്തു സമ്മാനിച്ച വാന്‍ഗ്വോഗ്.
ഒരു തീവ്ര വിഷാദത്തിന്‍റെ അന്ത്യത്തിലായിരുന്നു മിഷീമ ഹരാകിരി നിര്‍വഹിച്ചത്.
ഒരു നിമിഷത്തിന്‍റെ നിര്‍വൃതിക്കായ് എല്ലാമവസാനിപ്പിച്ചു കവാബത്ത യസുനാരി.
പക്ഷെ, നമ്മളൊന്നും ആ മഹാന്മാരുടെ പട്ടികയില്‍ പെടില്ല. വെറും 'ക്ലംസി പപ്പെറ്റ്സ്'. ഓര്‍ക്കുന്നില്ലേ?
മാധവിക്കുട്ടിയുടെ നാണിയെ? ആരുടെ കണ്ണിലും ഓര്‍മയുടെ ഒരു അല പോലും കാണാതെ അമ്പരന്നു നില്‍ക്കുന്ന മാധവിക്കുട്ടിയെ?
ആ നാണിയാണ് നമ്മള്‍. കയറിന്‍റെയറ്റത്തു ചെറുതായാടിക്കൊണ്ടു നില്‍ക്കുന്ന 'ക്ലംസി പപ്പെറ്റ്സ്'.
ഇന്നു നീ ഒരു പേടിസ്വപ്നമായെങ്കിലും മനസ്സിലുണ്ട്. പക്ഷെ വിസ്മൃതിയുടെ ലോകം വിദൂരത്തല്ല.
കണ്ണില്‍ കോടി നക്ഷത്രപ്പൂക്കളുമായി ഇനിയെന്നു ഞാന്‍ നിന്നെ കാണും? വരൂ.....
വെളുത്ത ചിറകുമായി നമുക്ക് മേഘങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കാം.വിണ്‍ചെരാതുകള്‍ക്കിടയിലൂടെ .......
കൈകോര്‍ത്തു നമുക്കു പോകാം.
കിളികള്‍ ചിലക്കാന്‍ തുടങ്ങിയിരിക്കുന്നു.പുലരിയായി.കരിനാഗങ്ങള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.
ഇനിയൊരു രാവിന്‍റെയൂഴവും കാത്ത് നില്പായിരിക്കും അവള്‍.
ഞാനുറങ്ങട്ടെ. പുലരി‌യിന്നൊരു താരാട്ടായ്.....അതിന്നീണത്തിലലിഞ്ഞ്......
ഒരുമാത്രയെങ്കിലും ഞാനുറങ്ങട്ടെ.

©ചന്ദ്രതാര

10 comments:

ഗോപി വെട്ടിക്കാട്ട് said...

നല്ല അവതരണം ...ആശംസകള്‍..

sut said...

വളരെ മികച്ച അവതരണം തന്നെ.....ശരിക്കും ആ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി....ഈ കഥ തന്നെ അവര്‍ക്ക് വേണ്ടിയുള്ള സമരപ്പണമല്ലെ.....ഇനിയും മികച്ച സൃഷ്ടികള്‍ ഇത് പോലെ പ്രതീക്ഷിക്കുന്നു..തുടരുക .....അഭിനന്ദനങ്ങള്‍ ആശംസകള്‍....

RajeshShiva*രാജേഷ്‌ശിവ said...

ചന്ദ്ര ചേച്ചീ നന്നായിട്ടുണ്ട്.പല പ്രാവശ്യം വായിച്ചു....
കൂടെ സമര്‍പ്പണവും.....നന്നായിട്ടുണ്ട്....ഒരു നിമിഷത്തെ വൈകാരികതയില്‍ ആത്മഹത്യാ ചെയുന്നവര്‍ , വെറുതെ മൂടികെട്ടി വിഷാദത്തിന്റെ മഴക്കാറുകള്‍ പെയ്യാതെ വിങ്ങി ...പൂവാടികളിലെയ്ക്കുള്ള വഴിയടഞ്ഞു...ശ്മശാനത്തിന്റെ വഴിയില്‍ കാല്‍ വയ്ക്കുന്നവര്‍ക്ക് .............................

sreelakam said...

വരികളുടെ തീവ്രത അനുഭവവേദ്യം തന്നേ.അഭിനന്ദനങ്ങള്‍!!!!!

ശിവരഞ്ജിനി said...

വളരെ മികച്ച അവതരണം തന്നെ.....ശരിക്കും ആ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി....ഈ കഥ തന്നെ അവര്‍ക്ക് വേണ്ടിയുള്ള സമരപ്പണമല്ലെ.....ഇനിയും മികച്ച സൃഷ്ടികള്‍ ഇത് പോലെ പ്രതീക്ഷിക്കുന്നു..തുടരുക .....അഭിനന്ദനങ്ങള്‍ ആശംസകള്‍....

Bijli said...

ചേച്ചീ..നല്ല അവതരണം..നല്ല ഭാഷ......ആശംസകള്‍............

mini//മിനി said...

വളരെ നല്ല കഥ, ഓര്‍മ്മകള്‍ എവിടെയൊക്കെയോ സഞ്ചരിച്ചു.

ഉല്ലാസ് said...

കധയും ഒരു തരത്തില് കവിത തന്നെ.

kiran gb said...

കാണാൻ വൈകി... ഒത്തിരി ഇഷ്ടപെട്ടു...

അഭിനന്ദനങ്ങള്‍

chandrathara said...

Thank u......

*