Saturday, February 6, 2010

'കരട്..!'


ലങ്ങിയ മുഖവും അതിലേറെ കലങ്ങിയ മനസ്സുമായിട്ടവന്‍ അവിടെനിന്നിറങ്ങി നടന്നു.
നടവഴി തീരുന്നിടത്ത് നിന്നിട്ടവന്‍, അവസാനമായിട്ടവളെയൊന്ന് തിരിഞ്ഞു നോക്കി....
ചാട്ടുളി പോലെ പറന്ന ആ നോട്ടം, മുന്നില്‍ നിരന്ന് നിന്നിരുന്ന അവളുടെ അപ്പന്റെയും
അമ്മാവന്മാരുടെയും തോളിന്റെ ഇടയിലൂടെ ആ പൂമുഖം കടന്ന്, കൃത്യം അവളുടെ കണ്ണില്‍ തന്നെ തറച്ചു.
നല്ലതാണേലും, അല്ലേലും; കണ്ണിനെന്നും, എന്തും കരട് തന്നെ...

അവള്‍ടെ കണ്ണ് രണ്ടും നിറഞ്ഞൊഴുകിത്തുടങ്ങി.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി,
അവളുടെ സ്വപ്നങ്ങളുടെയും ജീവിതത്തിന്റെയും നെയ്ത്തുകാരനായിരുന്ന അവന്‍, പിന്നികീറിയ മോഹങ്ങളുമായി ആ വീടിന്റെ നടവഴി കടന്ന്, അവളുടെ ജീവിതത്തിന്റെ പടിയിറങ്ങി...

മൂന്നാംപക്കം, സാമാന്യം നല്ലൊരു വില പറഞ്ഞുറപ്പിച്ച്; അവള്‍ടെ അപ്പന്‍, അവള്‍ടെ കല്യാണം റോയിച്ചനുമായി നിശ്ചയിച്ചു...
മുന്‍പ് കണ്ണില്‍ പറന്നു വീണ ആ കരട് അന്ന് വീണ്ടും ഒന്നിളകി.... രണ്ട് കണ്ണും നിറഞ്ഞൊഴുകിത്തുടങ്ങി.
അന്നും, അതിനു ശേഷവും അവളൊരുപാട് തവണ, ഒരുപാട് വെള്ളമൊഴിച്ച് കണ്ണ് കഴുകി, എന്നിട്ടും.....


ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും, കഴിഞ്ഞ ദിവസം നിറഞ്ഞ വയറും വെച്ച് റോയിച്ചന്റെ കൂടെ ബൈക്കില്‍ പോയപ്പോള്‍ ആ ഷര്‍ട്ടില്‍നിന്ന് അവള്‍ടെ മൂക്കിലേക്കടിച്ച ആ ഒരു പെര്‍ഫ്യൂമിന്റെ മണം വീണ്ടും അവളുടെ കണ്ണിലെ ആ കരടൊന്നിളക്കി വിട്ടു.
കണ്ണല്ലേ,! ഉടനെ നിറഞ്ഞും തുടങ്ങി...


അതിനുമുമ്പ്, ഒരു ദിവസം വൈകുന്നേരം റോയിച്ചന്റെ കൂടെ ബീച്ചില്‍ പോയിരുന്നപ്പോ, പുള്ളി അവളുടെ കയ്യിലെ വരകളെണ്ണി കളിച്ച് തുടങ്ങിയപ്പോ, ആഞ്ഞടിക്കുന്ന ആ കടല്‍ക്കാറ്റില്‍, വീണ്ടും അവളുടെ കണ്ണിലെ ആ കരടിളകി...
റോയിച്ചന്‍ കാണാതെ ഒരുപാട് കൈ ഇട്ട് തിരുമ്മിയിട്ടും,
ആ കരട് ഇളകി അവളുടെ കയ്യില്‍ പോന്നില്ല...

അതിനുംമുമ്പ്, ദിവസം തീരാന്‍ സെക്കെന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ,
അവളുടെ മുകളില്‍ കിടന്ന് ഇളകിയാടി തിമിര്‍ക്കുന്ന റോയിച്ചന്റെ
മുടിക്കിടയിലൂടെ ചേര്‍ത്ത് പിടിക്കാനായിട്ടവള്‍ കൈ നീട്ടിയപ്പോ....
ആ കരട് കണ്ണില്‍കിടന്നൊന്നിളകി...

‘ഇര‘ ആനന്ദാശ്രു പൊഴിച്ച ചാരിതാര്‍ഥ്യതില്‍ കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ
റോയിച്ചന്‍ കിടക്കയിലേക്ക് ചരിഞ്ഞു.....

മാസങ്ങള്‍ക്ക് ശേഷം, ഇന്ന്; ലേബര്‍ റൂമിലെ അരണ്ട വെളിച്ചത്തില്‍ ഒരു ഓപറേഷന്‍ പോലുമില്ലാതെ,
ആ ‘കരട്’ എടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തിട്ട്
നേഴ്സ് പറഞ്ഞു..
“ആണാ..!”


ആശുപത്രി വരാന്തയിലെ ചുമരിലെവിടെയോ തൂക്കിയ അവസാന ഉയര്‍പ്പിന്റെ ചിത്രം,
ഒരു ഇളം കാറ്റ്‌ പോലുമില്ലാഞ്ഞിട്ടും എന്തോ ഒന്നിളകിയാടി നിന്നു...

5 comments:

കൊച്ചുതെമ്മാടി said...

ഓര്‍മ്മകള്‍ ഉയര്‍ത്തെഴുന്നേറ്റ് ജീവിതം നഷ്ട്ടപ്പെട്ടവര്‍ക്കും...
ഓര്‍മ്മകളില്‍ ഉയര്‍ത്തെഴുന്നേറ്റ് മാത്രം ജീവിക്കുന്നവര്‍ക്കും....

JIGISH said...

യെസ്. ഒരു തകർപ്പൻ ജീവിതചിത്രം..!
ഒരു പൈങ്കിളിക്കഥയായിപ്പോകുമായിരുന്ന സാധാരണ
സംഭവത്തെ ലൈവ് ആയ ഒരു ഹ്രസ്വചിത്രമാക്കി മാറ്റി,
തെമ്മാടിയുടെ ദൃശ്യചാരുതയുള്ള മലയാളം.!

കരടെന്ന ഇമേജിന്റെ സാധ്യതകളെയും പരമാവധി
ഉപയോഗപ്പെടുത്തിയിട്ടുണ്ട്.! പുതുകഥയുടെ രൂപം
മാറിവരുന്നതിന്റെ ഒരു സൂചനപോലെ..!!
അഭിനന്ദനങ്ങൾ..!!

JIGISH said...
This comment has been removed by the author.
മാറുന്ന മലയാളി said...

ഇത് എവിടെയോ വായിച്ച് നല്ല ഓര്‍മ്മ........

കൊച്ചു തെമ്മാടി കോപ്പി അടിക്കുകയോ?.......

ഗൂഗിളില്‍ പരതി...

അവസാനം കണ്ടെത്തി....

അത് താങ്കളുടെ ബ്ലോഗ്ഗില്‍ തന്നെയായിരുന്നു.....

നന്ദി മരണമില്ലാത്ത വരികള്‍ സമ്മാനിച്ച കൊച്ചുതെമ്മാടിക്ക്..........

Bijli said...

vyathyasthamaya avishkaram....ashamsakal..

*