Friday, March 18, 2011

മരണാനന്തരം

ഞാന്‍ മരിച്ചു.
ആരും കരഞ്ഞില്ല.
വാഴയിലയ്ക്ക് ആളു പോയെങ്കിലും, എന്‍റെ നീളമുള്ള വാഴയില കിട്ടിയില്ല.
പിന്നെ കുറേപേര്‍ക്ക് വേണ്ടത് ഒരു മാവായായിരുന്നു,എനിക്ക് ചിതയൊരുക്കാന്‍. അക്കൂട്ടര്‍ പറമ്പിലേക്കിറങ്ങിനോക്കി,മാവും കണ്ടില്ല.
പക്ഷെ, ഇന്നലെ  'ജീവനോടെയുള്ള ഞാന്‍'എഴുതിയ  ഒരു കുറിപ്പുകണ്ടു.
"നാളെ... ഞാന്‍ മരിക്കും....
തെക്കേമുറിയിലെ താക്കോലുകളഞ്ഞുപോയ അലമാറ കുത്തിത്തുറക്കണം.അതില്‍ നിറയെ ഞാനെഴുതി മുഴുമിപ്പിക്കാതെവെച്ച കഥകളാണ്‌.ആ കടലാസുകെട്ടുകള്‍ പുറത്തെടുത്ത് അതുകൊണ്ടെനിക്കൊരു ചിതയൊരുക്കണം.ഞാന്‍ എരിഞ്ഞടങ്ങേണ്ടത് ആ തീയിലാവണം."
ആരോ അതു ചെയ്തു.
കണ്ടുനിന്നവരാരും തടയാന്‍ പോയില്ല."മാവു ലാഭം!"
എന്‍റെ ചിത കത്തിത്തുടങ്ങി.
അന്തരീക്ഷത്തില്‍, കാലങ്ങളായി ആ വെള്ളകടലാസുകളില്‍ ഞാന്‍ ഒഴുക്കിക്കളഞ്ഞിരുന്ന മഷിയുടെ ഗന്ധം പരന്നു. സാമ്പ്രാണിപുകയ്ക്ക് മണമില്ലാതായി.
ആ കടലാസുകൂംമ്പാരത്തില്‍ ഞാന്‍ വേവുമ്പോള്‍ എല്ലാവരും ഒരു കരച്ചില്‍ കേട്ടു.
അതെന്‍റെതായിരുന്നില്ല, എന്നെ പൊതിഞ്ഞുകിടന്ന എന്‍റെ കഥാപാത്രങ്ങളുടേതായിരുന്നു. ഞാന്‍ ജീവന്‍ കൊടുത്തിട്ടും വളര്‍ത്താതിരുന്ന ഭ്രൂണങ്ങളുടെ അവസാനത്തെ കരച്ചില്‍.
ഇതിനുമുന്‍പും അവര്‍ കരഞ്ഞിട്ടുണ്ട്.
എത്രയോ രാത്രികളില്‍, കാലുകള്‍ മേശപ്പുറത്തേക്കു നീട്ടിവെച്ച്, റെറ്റിങ്ങ്പാഡ് തുടയില്‍ അമര്‍ത്തിവെച്ച്, പുതിയ കഥയുടെ ബീജത്തിനായി കണ്ണടയ്ക്കുമ്പോള്‍, ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു ഇതേ കരച്ചില്‍.
 ആ കരച്ചില്‍ എനിക്കൊരാസക്തിയായിരുന്നു. മരിച്ചിട്ടും ഞാനടിമപെട്ടിരിക്കുന്ന ലഹരി! അതുകൊണ്ടാണെന്‍റെ ചിത ഇങ്ങനെയായത്.


ആ കരച്ചില്‍ നിലവിളികളായി.
ആ നിലവിളികേട്ട ആരോഒരാള്‍  ചിതയിലേക്ക് വെള്ളമൊഴിച്ചു.
എന്‍റെ ചിത കെട്ടു.
കരിയാന്‍ തുടങ്ങിയ എന്‍റെ കഥാപാത്രങ്ങളെയെല്ലാം അയാള്‍ എന്നോട് ചോദിക്കാതെ വാരിയെടുത്തുകൊണ്ടുപോയി.
കൂടിനിന്നവര്‍ കഷ്ടം വെച്ച് പിരിഞ്ഞുപോയി. പാതിവെന്ത ഞാന്‍ മാത്രം ബാക്കിവന്നു.
ചോര വറ്റിയ, മാംസം കരിഞ്ഞുതീരാത്ത, എന്‍റെ  ശവം ആ നനഞ്ഞ മണ്ണില്‍ ഒറ്റയ്ക്ക് കിടക്കുമ്പോള്‍, ദൂരെ എന്‍റെ  ഭ്രൂണങ്ങള്‍ ചിരിക്കുന്നതു ഞാന്‍ കേട്ടു.
അവര്‍ക്കീ കാഴ്ച്ച ഒരു ലഹരിയായിയിരുന്നിരിക്കണം.

ദീപുപ്രദീപ്
www.deepupradeep.wordpress.com

7 comments:

SHANAVAS said...

ദയവായി കഥാപാത്രങ്ങളെ ഭ്രൂണത്തിലെ കത്തിച്ചു ചാമ്പലാക്കാതെ വായനക്കാരില്‍ എത്തിക്കുക.എന്താണ് വേണ്ടതെന്നു അവര്‍ തീരുമാനിക്കട്ടെ.ആശംസകള്‍.

തെച്ചിക്കോടന്‍ said...

കഥകള്‍ പുറംലോകം കാണട്ടെ!

ഷബീര്‍ (തിരിച്ചിലാന്‍) said...

താങ്കളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തുക.. പ്ലീസ്...

Lipi Ranju said...

ആ 'ആരോഒരാള്‍' എങ്കിലും
കഥാപാത്രങ്ങളെയെല്ലാം
വായനക്കാരിലേക്ക് എത്തിക്കട്ടെ!

Kunjuss said...

ഈ കഥ എങ്ങിനെ ഞാന്‍ ഇട്ട ബസ്സ്‌ ആയി വന്നു...?ഈ ബസ്സ്‌ എന്റെ പേരില്‍ എങ്ങിനെ വന്നു...??ഇങ്ങിനെയൊരു സംഭവം ഞാന്‍ അറിഞ്ഞതേ ഇല്ലല്ലോ.... അതിനര്‍ത്ഥം ദീപു എന്റെ മെയില്‍ ഹാക്ക് ചെയ്തുവെന്നല്ലേ....??? ദീപു പ്രദീപ്‌ മറുപടി പറയുക...!

ദീപുപ്രദീപ്‌ said...

ഈ കഥ ബസ്സ് ആയി വന്നെന്നോ?
സത്യമായിട്ടും ഞാനറിയാത്തകാര്യമാണ്‌.
പിന്നെ അങ്ങനെ ബ്ലോഗിലേക്ക് ആളെകൂട്ടുന്ന ആളും അല്ല ഞാന്‍.
ഒരു പോസ്റ്റ് ചെയ്താല്‍ അതിനെ മാര്‍ക്കറ്റ് ചെയ്യാന്‍, മറ്റു ബ്ലോഗ്ഗേര്‍സിന്റെ പോലെ, പരിചയമില്ലാത്തവര്‍ക്ക് വരെ ഇമൈല്‍ അയ്ക്കുകപോലും ചെയ്യാറില്ല.
എന്താണ്‌ സംഭവിച്ചത് എന്നെനിക്കറിയില്ല.ഞാന്‍ അറിയാതെ ഉള്‍പെട്ട ഈ കാര്യത്തിന്റെ സത്യാവസ്ഥ എന്തായാലും അറിയണമല്ലോ?
ആ ബസ്സിന്റെ ഒരു ലിങ്കോ, സ്ക്രീന്‍ഷോട്ടോ അയച്ചുതന്നാല്‍ നന്നായിരുന്നു.

ദീപുപ്രദീപ്‌ said...

@ SHANAVAS, തെച്ചിക്കോടന്‍,ഷബീര്‍ (തിരിച്ചിലാന്‍) ആ കഥകളെ പുറംലോകത്തെത്തിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷെ കഴിയുന്നില്ല.
ചിലപ്പോള്‍ പറ്റിയേക്കും, ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
നന്ദി.
@ Lipi Ranju:അതിനു ഞാനിപ്പോഴും മരിച്ചിട്ടില്ലല്ലോ!!ഞാന്‍ തന്നെ എത്തിക്കാന്‍ ശ്രമിക്കാം.നന്ദി.

*