Monday, March 5, 2012

ഒരു ബഷീറിയൻ നിഴൽ


മ്പരപ്പിക്കുന്ന മുട്ടൻ വാർത്തയാണ്‌. ഒരു മരണം, പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളിലെ ജീവജാലങ്ങൾക്കിടയിൽ ദു:ഖമായിത്തീർന്നിരിക്കുന്നു. ബഷീറിന്റെ മരണം!

ബഷീർ വൈക്കം മുഹമ്മദ്‌ ബഷീറാണ്‌.

നമ്മുടെ ചരിത്രപുരുഷൻ ഒരു എഴുത്തുപണിക്കാരനായിരുന്നു. ചരിത്രവിദ്യാർത്ഥികളോട്‌ എടുത്തുപറയേണ്ട കാര്യമില്ലല്ലോ? ഭൂഗോളത്തിൽ ച്ചിരിപ്പിടിയോളം ഭാഗത്തിന്റെ ആജീവനാന്ത അവകാശിയായി ത്തീർന്നതോടെ ജീവിതം സുരക്ഷിതമായി എന്ന് ദൃഢമായി വിശ്വസിച്ചു കഴിയവേയാണ്‌ സംഭവം. മുള്ളുവേലിയേയും ഉശിരൻനായയേയും കടന്ന് ഒരു ജീവി കേറി വന്നു.

കൈയ്യും കാലും ചിറകും ഒന്നുമില്ലാത്ത ഒരു ഭീകരസ്വരൂപി!

"ആര്‌?"

"സഖാവ്‌ കാലൻ!"

പേടിയൊന്നുമില്ലെങ്കിലും ഈ പ്രേമലേഖനം കൂടി വായിച്ചോട്ടെ- പ്രാർത്ഥിച്ചു.

"റബ്ബുൽ ആലമീനായ തമ്പുരാനേ..! കാറ്റുവീശിയാലും ഞമ്മടെ ഇല ബീയിക്കല്ലേ!"

ഒന്നും അറിയില്ല, മരണത്തിന്റെ ധർമ്മം. ഇതു സംബന്ധമായി റബ്ബുൽ ആലമീനായ തമ്പുരാനും അവന്റെ റസൂലായ മുഹമ്മദ്‌ നബിയും എന്ത്‌ കൽപ്പിച്ചിട്ടുണ്ട്‌? റബ്ബുൽ ആലമീനായ തമ്പുരാൻ ജിബ്‌രിൽ എന്ന മലക്‌ വഴി നബിക്ക്‌ കുറേശ്ശേ ഇറക്കിക്കൊത്ത്‌ ഖുർആൻ ഓതീട്ടുണ്ട്‌. എന്താണ്‌ അതിൽ പറയുന്നതെന്ന് ആർക്കും അറിഞ്ഞുകൂടാ.

മരണം ഒരു നീണ്ട ഉറക്കമാണല്ലോ. ഏതു മണ്ടനെയും ഏതു തീവെട്ടിക്കൊള്ളക്കാരനെയും ഏതു മുന്തിയറുപ്പനെയും കേറിപ്പിടിക്കുന്ന മരണം, പരമയോഗ്യനായ അദ്ദേഹത്തെക്കേറിപ്പിടിച്ചു. കുരുത്തംകെട്ടവൻ!

'ദൈവങ്ങളായ ദൈവങ്ങ'ളെല്ലാം ഈ കൊടിയ അനീതിയുടെ മുന്നിൽ കണ്ണടച്ചുകളഞ്ഞു!
പാവം ബഷീർ ! ജഢങ്ങളായെ ജഢങ്ങളെപ്പോലെ അദ്ദേഹവും കിടന്നു.അദ്ദേഹത്തിന്റെ മരണം വെറും കിണാപ്പൻ മരണമോ? ചുറ്റും മനുഷ്യക്കടൽ ഇരമ്പി. ഫോട്ടോ എടുക്കുന്നവർ, റേഡിയോ, ടി.വി, പത്രക്കാരായ പത്രക്കാർ.... വന്നവർ വന്നവർ ടൺ കണക്കിന്‌ പൂക്കൾ കൊണ്ടുവന്നിട്ടു.പൂക്കളെല്ലാം പണ്ടേപ്പടി വെള്ളയും ചുമപ്പും തന്നെ. മുറി മുഴുവൻ പൂക്കളായ പൂക്കളുടെ വാസന പരന്നു. ങുറു..ങുറു....ഉശിരൻ കാറ്റ്‌, മണം മൂക്കുകളിലെത്തിച്ചു. ജനങ്ങൾ നല്ലവർ.... പൂക്കൾ നീണാൾ വാഴട്ടെ !

ജഢമാണെങ്കിലും മനുഷ്യനല്ലേ, പ്രാർത്ഥിച്ചു - ഈ 'പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളു'ടെയെല്ലാം സൃഷ്ടാവേ... ബഷീർ മാത്രമല്ല, എല്ലാവരും ചാവും. എല്ലം ലക്ഷം ലക്ഷം കഷ്ണങ്ങളായി പൊട്ടിത്തെറിക്കും. ലോകത്തിൽ നിന്നും തീ നിശ്ശേഷം അണഞ്ഞുപോകും. നക്ഷത്രങ്ങളും സൂര്യചന്ദ്രന്മാരും തണുത്ത്‌ തകർന്ന് കരിയാകും. സൗരയൂഥവും അണ്ഡകടാഹവും... ഒടുവിൽ അനന്തമായ ശൂന്യത... റബ്ബുൽ ആലമീനായ തമ്പുരാൻ മാത്രമവശേഷിക്കും. പിന്നീടും ഭൂമിയെ സൃഷ്ടിക്കും. എല്ലാം ഉയർത്തപ്പെടും. നക്ഷത്രങ്ങളും സൂര്യചന്ദ്രന്മാരുമെല്ലാം. പിന്നെ ശിക്ഷ,രക്ഷ...എല്ലാം വിശദമായി എല്ലാവർക്കും അറിയാം.

എന്നാലും അവർ കരഞ്ഞു.
കുഞ്ഞുങ്ങളും കരഞ്ഞു.
"ഗുങ്കുറു... ഗുങ്കുറു...!"
മംഗളം ശുഭം.
 
O
 
ഒടുവിൽ ബഷീർ പറയും;
"കള്ള ഇബിലീസേ നിന്നോട്‌ ഞാൻ ക്ഷമിച്ചിരിക്കുന്നു."

OO അജിത് കെ.സി

1 comment:

MyDreams said...

കള്ള ഇബിലീസേ നിന്നോട്‌ ഞാൻ ക്ഷമിച്ചിരിക്കുന്നു....:)

*