ബ്ലോഗ്‌ ലോകത്തെ കഥാകൃത്തുക്കള്‍ക്കായി ഒരു വേദി ..'ബൂലോക കഥകള്‍ '.... വായിക്കൂ ...അംഗമാകൂ ..കഥകള്‍ പോസ്റ്റ്‌ ചെയ്യൂ ...
ബൂലോകകഥകളില്‍ നിങ്ങള്‍ക്കും അംഗമാകാം സ്വന്തം കഥകള്‍ പോസ്റ്റ്‌ ചെയാം . ഇവിടെ ക്ലിക്ക് ചെയുക.കമെന്റ് ആയി നിങ്ങളുടെ ഇമെയില്‍ ഐ ടി , ബ്ലോഗ്‌ നെയിം ഇവ കൊടുക്കുക.


.________________________*******__________________________.

Saturday, February 6, 2010

രവിയുടെ തുടര്‍ച്ചകള്‍.!


രവി

കാലവര്‍ഷത്തിന്റെ വെളുത്ത മഴ ശമിച്ചു. ജലം മാത്രം ഒഴുകി. ചെതലിയുടെ ചെരിവില്‍ നിന്ന്, അനേകം ധമനികളിലൂടെ മന്ദതാളത്തില്‍ അത് യാത്ര തുടര്‍ന്നു...വൈകുന്നേരത്തെ മന:ശ്ശാന്തിക്കുള്ള പഴുതു തേടിയിറങ്ങിയ കുപ്പുവച്ചനാണ് ആദ്യം കണ്ടത്. ബസ്റ്റോപ്പിലെ മണ്‍തിട്ടയ്ക്കരികെ, ഉടഞ്ഞ ശംഖു പോലെ ജല സമാധിയായി, ഒരാള്‍....നീണ്ട മുടിയാല്‍ മുഖം മറഞ്ഞിട്ടുണ്ട്....അതു രവിയാണെന്ന ബോധ്യം കുപ്പുവച്ചനെ കരയിച്ചു.! “എന്റെ ദെയ്‌വത്തുങ്ങളേ, നുമ്മടെ മേഷ് ക്കെന്താ പറ്റീത്..?” അയാള്‍ ആര്‍ത്തുവിളിച്ചു.! ആധിപൂണ്ട ഖസാക്കിലെ മനുഷ്യര്‍ ഒന്നൊന്നായി വെട്ടുവഴികളിലൂടെ അവിടേക്കൊഴുകിയെത്തി. അവരുടെ നിരുപാധിക സ്നേഹം പ്രാചീനമായ ഒരൊറ്റ നിലവിളിയായി രവിയെ ചൂഴ്ന്നു.! ആദിമമായ തണുപ്പില്‍ ലയിച്ച് അയാള്‍ സുഖനിദ്രയിലാണ്ടുകിടന്നു. നിരാസക്തിയുടെ ഒരു ചിരി ആ ചുണ്ടില്‍ അപ്പോഴും മായാതെ നിന്നു.!

എല്ലാ ശബ്ദവും നിലച്ച സ്കൂള്‍ വരാന്തയില്‍, രവിയെ കിടത്തി. മാധവന്‍ നായര്‍ കരഞ്ഞില്ല. രവിയുടെ തലയ്ക്കല്‍ കുന്തിച്ചിരുന്ന് അയാള്‍ ആ മുടിയിഴകളെ മാടിയൊ തുക്കി. “യാ അള്ളാ..!” ഖാലിയാര്‍ രവിയുടെ ശാന്തിയ്ക്കായി മനസ്സലിഞ്ഞു പ്രാര്‍ത്ഥിച്ചു. കുഞ്ഞാമിനയുടെയും അപ്പുക്കിളിയുടെയും കണ്ണുകള്‍ നിര്‍ത്താതെ പെയ്തുകൊണ്ടി രുന്നു.! സന്ധ്യയായി; രാത്രിയായി.. പതിയെപ്പതിയെ, ചെതലിയ്ക്കുമപ്പുറം പ്രഭാതം ചുവന്നു വെളുത്തു. പത്തുമണിയോടെ, കൂമന്‍ കാവിലെ തപാലാഫീസില്‍ നിന്ന് ചുരുങ്ങിയ വാക്കുകളില്‍ ഒരു മരണ സന്ദേശം രവിയുടെ വീട്ടിലേക്കു പുറപ്പെട്ടു. പിന്നീട്, നിരാലംബമായ ഒരു വിലാപമായി ഖസാക്ക് രവിക്കു വിട ചൊല്ലി. ആംബുലന്‍സിലെ ഇരുമ്പുതല്പത്തില്‍ നിത്യശാന്തമായ മനസ്സും ശരീരവുമായി രവി നീണ്ടുനിവര്‍ന്നു കിടന്നു.!

അച്ഛന്‍

തറവാടിന്റെ കിഴക്കേമുറ്റത്ത്, പുഷ്പചക്രങ്ങളുടെ മധ്യത്തില്‍ രവി അവസാനമായി ചമഞ്ഞുകിടക്കവേ, മകനെ അടുത്തുകാണാന്‍ അച്ഛന്‍ ആഗ്രഹിച്ചില്ല. ദുര്‍ബ്ബലമായ ആ ദേഹത്തെ ആരോ താങ്ങി, ഇറയത്തെ സോഫയില്‍ ചാരിയിരുത്തിയെങ്കിലും ആ കണ്ണുകള്‍ ദൂരെ, പാടത്തിനും പുഴയ്ക്കുമക്കരെ ശൂന്യതയിലെവിടെയോ നഷ്ടപ്പെട്ടു. തീവ്രവിഷാദത്തിന്റെ ഒരല ഉള്ളില്‍ നിറഞ്ഞുവന്നെങ്കിലും അയാള്‍ ഒന്നും കാണുന്നുണ്ടായിരു ന്നില്ല.! വിദൂരമായ ഏതോ മലഞ്ചരിവിലൂടെ അച്ഛനും കൌമാരം വിടാത്ത രവിയും സായാഹ്നയാത്രയിലായിരുന്നു.! കുട്ടിത്തം നിറഞ്ഞ കുസൃതിയോടെ, തന്നെ തോല്‍പ്പിച്ചുകൊണ്ട് മലമുകളിലേയ്ക്ക് ഓടിക്കയറുന്ന രവിയെ ഇടയ്ക്കിടെ, മൂടല്‍മഞ്ഞിന്റെ വെള്ളത്തിര വന്നു മൂടി. അപ്പോഴെല്ലാം അയാള്‍ ഭയം നിറഞ്ഞ കരുതലോടെ വിളിച്ചു പറഞ്ഞു: “മോനേ രവീ, അവിടെ നില്‍ക്ക്, ഞാനും കൂടി വരട്ടെ..!”

ചടങ്ങുകള്‍ അവസാനിച്ചപ്പോള്‍, സന്ധ്യയുടെ ചുവപ്പു മുഴുവന്‍ അലിഞ്ഞു തീര്‍ന്നിരുന്നു..! ചെറിയ ശബ്ദങ്ങ ളും പിറുപിറുക്കലുകളും അകന്നകന്നു പോയി. തെക്കേമുറിയുടെ ജനാലയിലൂടെ കത്തിയമരുന്ന ചിതയിലേക്ക് നോക്കിയിരിക്കെ പത്മയ്ക്കു തന്റെ ബോധം മറയുന്ന പോലെ തോന്നി.

പത്മ

രവി യാത്രയായിട്ട് എത്ര ദിവസമായിക്കാണും.? പത്മയ്ക്ക് സ്വന്തം മുറി ഒരു തടവറയായി അനുഭവപ്പെട്ടു. ഇവിടെയെത്തി, കാലം നിശ്ചലമായ പോലെ..! ഓര്‍മ്മകള്‍ മനസ്സിന്റെ വെളിമ്പുറങ്ങളില്‍ കാരുണ്യമില്ലാതെ മേഞ്ഞുനടന്ന്, അവളെ കുത്തി മുറിവേല്‍പ്പിച്ചു.. രവിയില്‍ തുടങ്ങി രവിയിലവസാനിക്കുന്ന ഓര്‍മ്മകള്‍..! അവള്‍ക്കു രവിയോടു ദേഷ്യം തോന്നി. ‘നീ ശരിക്കും എന്നെ ഒറ്റയ്ക്കാക്കി. നീയില്ലാതെ എനിക്കൊന്നുമാവില്ലെന്നും എന്റെ ഭാഷ മനസ്സിലാവുന്ന വേറെ ആരും ഈ ഭൂമിയിലില്ലെന്നും നീ ഓര്‍ക്കാതിരുന്നതെന്ത്.? എന്റെ പഠനവും ഗവേഷണവുമെല്ലാം നിന്നെ മനസ്സിലാക്കാന്‍ വേണ്ടി മാത്രമായിരുന്നു..അഴിയുന്തോറും കെട്ടുപിണയുന്ന കുരുക്കുകളായി മാറിയ എന്റെ പരീക്ഷണങ്ങള്‍..! എല്ലാം വെറുതെയായി...” ഒരു നാടന്‍ പെണ്‍കൊടിയെപ്പോലെ, അവള്‍ പരിഭവിച്ചു. മനസ്സ് ഒരു കല്ലായി മാറിയിരിക്കുന്നു.! ഒന്നുറങ്ങാന്‍ കഴിഞ്ഞെങ്കില്‍..?

കിടക്കയില്‍ നിന്നെണീറ്റ്, അവള്‍ ജനാല തുറന്നു. പുറത്ത്, നല്ല നിലാവ്..! നേര്‍ത്ത ജലതരംഗമായി ഒരു മഴ തുടരുന്നുണ്ട്..! ഏതോ വിസ്മൃതിയില്‍, അവള്‍ അലമാരിയുടെ വാതില്‍ തുറന്ന് ഉറക്കഗുളികയുടെ കുപ്പി കൈയിലെടുത്തു. ഗുളികകള്‍ ഒന്നൊന്നായി വിഴുങ്ങവെ, അവളുടെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു. കൂജയില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു..നല്ല സുഖം..! ഒന്നു മുറ്റത്തിറങ്ങിയാലോ..? മഴ നനഞ്ഞ് പതിയെ നടക്കവെ‍, അവള്‍ക്കു രവിയുടെ ഗന്ധം അനുഭവപ്പെട്ടു.! ചേരും ചതുരമുല്ലയും ഇഞ്ചയും പടര്‍ന്നു പിടിച്ച കാവിലെ നാഗദൈവങ്ങള്‍ക്കരികിലൂടെ അവള്‍ കുളക്കരയിലേക്കു നടന്നു. തല നേരെ നില്‍ക്കുന്നില്ല. നല്ല മയക്കം.! സ്വസ്ഥതയോടെ അവള്‍ കിടന്നു. പിറ്റേന്നു പുലര്‍ച്ചെ, കുളക്കടവിനു സമീപം വീട്ടുകാര്‍ അവളെ കണ്ടെത്തുമ്പോള്‍ ആ ദേഹം തണുത്തു വിറങ്ങലിച്ചിരുന്നു..!

കഥാന്തരം

അനസൂയയുടെ ഇരുപതാം പിറന്നാളായിരുന്നു അന്ന്. അനുമോളെന്ന് അവളെ സ്നേഹത്തോടെ വിളിക്കുന്ന അമ്മമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി, രാവിലെ തന്നെ കുളിച്ചൊരുങ്ങി അവള്‍ അമ്പലത്തിലേക്കു പുറപ്പെട്ടു. ശ്രീകോവിലിനു മുന്നില്‍ ഇന്നു തിരക്കു കുറവാണ്.... ഓടക്കുഴലൂതുന്ന കൃഷ്ണവിഗ്രഹത്തിനു മുന്നില്‍ ഏകാഗ്രയായി അവള്‍ കണ്ണടച്ചുനിന്നു. പ്രസാദം വാങ്ങി, പ്രദക്ഷിണവഴിയിലൂടെ ചുറ്റമ്പലത്തിനു വലം വെയ്ക്കവെ, വടക്കുപടിഞ്ഞാറെ മൂലയില്‍ പടര്‍ന്നു പന്തലിച്ചു നിന്ന അരയാല്‍ ഒരു ചിരിയാല്‍ അവളെ മാടിവിളിച്ചു. അവള്‍ അടുത്തുചെന്നു. വിണ്ടുകീറിയ തറയില്‍ വളര്‍ന്നു പടര്‍ന്ന വേരുകള്‍.! ഏതോ ഓര്‍മ്മയില്‍, അവള്‍ ആ വേരുപടലത്തില്‍ കൈ തൊട്ട് നിറുകയില്‍ വെച്ചു. ചെറിയൊരു കാറ്റ് അവളെ തഴുകി കടന്നുപോയി. അടര്‍ന്നു വീണ ഒരില അവളുടെ തുടുകവിളില്‍ സ്പര്‍ശിച്ച് താഴേയ്ക്കു പതിച്ചു. ഒരു കാറ്റു കൂടി വീശി. ഇത്തവണ, ആലിലകള്‍ തുറന്നുചിരിച്ചു. ജന്മാന്തരങ്ങള്‍ക്കപ്പുറത്തു നിന്ന് ആരോ അവളുടെ ചെവിയില്‍ പതിയെ മന്ത്രിച്ചു..“എന്റെ പെണ്‍കുട്ടീ, നീയെന്നെ മറന്നല്ലോ..?”

'കരട്..!'


ലങ്ങിയ മുഖവും അതിലേറെ കലങ്ങിയ മനസ്സുമായിട്ടവന്‍ അവിടെനിന്നിറങ്ങി നടന്നു.
നടവഴി തീരുന്നിടത്ത് നിന്നിട്ടവന്‍, അവസാനമായിട്ടവളെയൊന്ന് തിരിഞ്ഞു നോക്കി....
ചാട്ടുളി പോലെ പറന്ന ആ നോട്ടം, മുന്നില്‍ നിരന്ന് നിന്നിരുന്ന അവളുടെ അപ്പന്റെയും
അമ്മാവന്മാരുടെയും തോളിന്റെ ഇടയിലൂടെ ആ പൂമുഖം കടന്ന്, കൃത്യം അവളുടെ കണ്ണില്‍ തന്നെ തറച്ചു.
നല്ലതാണേലും, അല്ലേലും; കണ്ണിനെന്നും, എന്തും കരട് തന്നെ...

അവള്‍ടെ കണ്ണ് രണ്ടും നിറഞ്ഞൊഴുകിത്തുടങ്ങി.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി,
അവളുടെ സ്വപ്നങ്ങളുടെയും ജീവിതത്തിന്റെയും നെയ്ത്തുകാരനായിരുന്ന അവന്‍, പിന്നികീറിയ മോഹങ്ങളുമായി ആ വീടിന്റെ നടവഴി കടന്ന്, അവളുടെ ജീവിതത്തിന്റെ പടിയിറങ്ങി...

മൂന്നാംപക്കം, സാമാന്യം നല്ലൊരു വില പറഞ്ഞുറപ്പിച്ച്; അവള്‍ടെ അപ്പന്‍, അവള്‍ടെ കല്യാണം റോയിച്ചനുമായി നിശ്ചയിച്ചു...
മുന്‍പ് കണ്ണില്‍ പറന്നു വീണ ആ കരട് അന്ന് വീണ്ടും ഒന്നിളകി.... രണ്ട് കണ്ണും നിറഞ്ഞൊഴുകിത്തുടങ്ങി.
അന്നും, അതിനു ശേഷവും അവളൊരുപാട് തവണ, ഒരുപാട് വെള്ളമൊഴിച്ച് കണ്ണ് കഴുകി, എന്നിട്ടും.....


ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും, കഴിഞ്ഞ ദിവസം നിറഞ്ഞ വയറും വെച്ച് റോയിച്ചന്റെ കൂടെ ബൈക്കില്‍ പോയപ്പോള്‍ ആ ഷര്‍ട്ടില്‍നിന്ന് അവള്‍ടെ മൂക്കിലേക്കടിച്ച ആ ഒരു പെര്‍ഫ്യൂമിന്റെ മണം വീണ്ടും അവളുടെ കണ്ണിലെ ആ കരടൊന്നിളക്കി വിട്ടു.
കണ്ണല്ലേ,! ഉടനെ നിറഞ്ഞും തുടങ്ങി...


അതിനുമുമ്പ്, ഒരു ദിവസം വൈകുന്നേരം റോയിച്ചന്റെ കൂടെ ബീച്ചില്‍ പോയിരുന്നപ്പോ, പുള്ളി അവളുടെ കയ്യിലെ വരകളെണ്ണി കളിച്ച് തുടങ്ങിയപ്പോ, ആഞ്ഞടിക്കുന്ന ആ കടല്‍ക്കാറ്റില്‍, വീണ്ടും അവളുടെ കണ്ണിലെ ആ കരടിളകി...
റോയിച്ചന്‍ കാണാതെ ഒരുപാട് കൈ ഇട്ട് തിരുമ്മിയിട്ടും,
ആ കരട് ഇളകി അവളുടെ കയ്യില്‍ പോന്നില്ല...

അതിനുംമുമ്പ്, ദിവസം തീരാന്‍ സെക്കെന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ,
അവളുടെ മുകളില്‍ കിടന്ന് ഇളകിയാടി തിമിര്‍ക്കുന്ന റോയിച്ചന്റെ
മുടിക്കിടയിലൂടെ ചേര്‍ത്ത് പിടിക്കാനായിട്ടവള്‍ കൈ നീട്ടിയപ്പോ....
ആ കരട് കണ്ണില്‍കിടന്നൊന്നിളകി...

‘ഇര‘ ആനന്ദാശ്രു പൊഴിച്ച ചാരിതാര്‍ഥ്യതില്‍ കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ
റോയിച്ചന്‍ കിടക്കയിലേക്ക് ചരിഞ്ഞു.....

മാസങ്ങള്‍ക്ക് ശേഷം, ഇന്ന്; ലേബര്‍ റൂമിലെ അരണ്ട വെളിച്ചത്തില്‍ ഒരു ഓപറേഷന്‍ പോലുമില്ലാതെ,
ആ ‘കരട്’ എടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തിട്ട്
നേഴ്സ് പറഞ്ഞു..
“ആണാ..!”


ആശുപത്രി വരാന്തയിലെ ചുമരിലെവിടെയോ തൂക്കിയ അവസാന ഉയര്‍പ്പിന്റെ ചിത്രം,
ഒരു ഇളം കാറ്റ്‌ പോലുമില്ലാഞ്ഞിട്ടും എന്തോ ഒന്നിളകിയാടി നിന്നു...

Wednesday, January 20, 2010

കുഷ്ണാറക്കുളത്തിന്റെ തീരത്ത്..(കഥ)







റാംജി പട്ടേപ്പാടം




കുഷ്ണാറക്കുളത്തിലെ തണുത്ത വെള്ളത്തില്‍ ഒന്നുരണ്ടാവര്‍ത്തി മുങ്ങി നിവര്‍ന്നപ്പോള്‍ മൃണാളിനിയുടെ ക്ഷീണം പമ്പ കടന്നു.

ആറാം തരം വരെ പഠിച്ചു. രണ്ടുകൊല്ലമായി അച്ചനേയും അമ്മയേയും സഹായിച്ച്‌ വീട്ടില്‍ തന്നെ. വെളുത്ത കൊച്ചുസുന്ദരി. അരപ്പാവാടയും നീണ്ട ബ്ളൌസും വേഷം. പ്രായത്തിനേക്കാള്‍ വളര്‍ന്ന ശരീരം. നേരം പരപരാന്ന്‌ വെളുത്തപ്പോള്‍ മുതല്‍ തുടങ്ങിയ കറ്റ1മെതിക്കല്‍ ഒന്നൊതുങ്ങിയത്‌ ഉച്ചയായപ്പോഴാണ്‌. രണ്ടു ദിവസം മുന്‍പ്‌ കൊയ്ത്‌ അടുക്കി വെച്ചിരിക്കുന്ന നെല്‍ക്കതിരുകള്‍ മുളച്ചു തുടങ്ങുമെന്ന അച്ഛന്‍റെ മുന്നറിയിപ്പ്‌ വകവെക്കാതിക്കാനായില്ല.

അച്ഛന്‍ അങ്ങിനെയാണ്‌. കണിശക്കാരന്‍. ദേഷ്യം വന്നാല്‍ പരിസരം മറക്കും. പിന്നെ ഈറ്റപ്പുലിയാണ്‌.

കൊയ്തവ സൂക്ഷിക്കാനും മെതിക്കാനും നെല്ല്‌ ചേറ്റാനുമൊക്കെ വേണ്ടിയാണ്‌ പറമ്പിന്‍റെ ഒരറ്റത്ത്‌ കൊയ്തുപുര ഉണ്ടാക്കിയിരിക്കുന്നത്‌. കൊയ്ത്ത്‌ സമയം മുതല്‍ നെല്ലളന്ന്‌ മാറ്റുന്നതുവരെ കൊയ്ത്തു പുര സജീവമാണ്‌. ബഹളവും ആട്ടവും പാട്ടുമായ്‌-നല്ല രസമാണ്‌.

അയല്‍ വക്കത്തെ നാണിയമ്മായിയും പാത്തുത്തായും ഉഷച്ചേച്ചിയും തങ്ക വെല്ലിമ്മയും അന്നമാപ്ളിച്ചിയുമാണ്‌ കൊയ്ത്തുകാര്‍. അവരെ സഹായിക്കാന്‍ അവരുടെ മക്കളൊ ഭര്‍ത്താക്കന്‍മാരൊ ഉണ്ടാകും. ചേമ്പും കൊള്ളിയും2 ചേര്‍ത്ത്‌ അമ്മ വെക്കുന്ന കറിയും കഞ്ഞിയും കാലത്തു തന്നെ പാടത്തേക്കെത്തിക്കുന്നത്‌ എന്‍െറ പണിയായിരുന്നു. കഞ്ഞി കുടിക്കുമ്പോഴും അന്നമാപ്ളിച്ചി കൊയ്ത്തു പാട്ട്‌ പാടികൊണ്ടിരിക്കും. ഉഷച്ചേച്ചി ഉടുമുണ്ട്‌ കാല്‍മുട്ടിനു മുകളിലാക്കി ചൊറിഞ്ഞുകൊണ്ടിരിക്കും.

ചേറ്‌ വികൃതമാക്കിയ വയല്‍ വരമ്പിലൂടെ മാംസം നഷ്ടപ്പെട്ട ഞവിണിത്തൊണ്ടുകള്‍ തട്ടിക്കൊണ്ട്‌ നാണിയമ്മായിയുടെ മകന്‍ ശാരങ്ങരതന്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഇടക്കിടെ ഞണ്ടിന്‍റെ ഉണങ്ങിയ തോടുകള്‍ അവന്‍ പൊറുക്കിയെടുക്കും. സമപ്രായക്കാരാണെങ്കിലും അല്‍പം മൂത്തത്‌ അവനായതുകൊണ്ട്‌ ചാരുച്ചേട്ടന്‍ എന്നാണ്‌ മൃണാളിനി വിളിച്ചിരുന്നത്‌. മൂട്‌ കീറിയ ചുവന്ന ട്രൌസര്‍ തുന്നിച്ചേര്‍ത്താണ്‌ ഇട്ടിരുന്നത്‌. മുണ്ടുടുക്കേണ്ട വളര്‍ച്ചയെത്തിയിട്ടും അവന്‌ ട്രൌസര്‍ തന്നെ. ചെറുപ്പം മുതല്‍ കളിക്കൂട്ടുകാരായിരുന്നു. സ്ക്കൂളില്‍ പോയിരുന്നതും ഒന്നിച്ചാണ്‌.

എന്‍റടുത്തു വന്നാല്‍ അവനെന്നെ പിച്ചുകയും നുള്ളുകയും ഇക്കിളിയാക്കുകയും ആണ്‌ പണി. എനിക്കതില്‍ പരിഭവമില്ലായിരുന്നു. അത്തരം വികൃതികള്‍ ഞാനും ആഗ്രഹിച്ചിരുന്നു.

"നീയിപ്പോള്‍ ഇള്ളക്കുട്ടിയല്ല. ഒത്ത പെണ്ണായി. തലേം മൊലേം വളര്‍ന്ന പെണ്ണ്‌. തൊട്ടും പിടിച്ചും കളി ഇനി വേണ്ട. ചാരുവും മുത്തനാണായി."

ഞങ്ങളുടെ കളി കണ്ടപ്പോള്‍ ഒരിക്കല്‍ അമ്മ താക്കീതു നല്‍കി. പിന്നെപ്പിന്നെ അമ്മ കാണാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. അത്‌ പക്ഷെ നിര്‍വൃതിയുടെ മറ്റൊരു മേഘലയിലേക്കുള്ള പ്രയാണമായിരുന്നു. ഒരിക്കല്‍ പാടത്ത്‌ വളം ചേര്‍ക്കുന്നതിനു വേണ്ടി ഉഷച്ചേച്ചി ചാണകപ്പൊടി തയ്യാറാക്കുകയായിരുന്നു. നിലം ഉഴുന്നതിനുവേണ്ടി രണ്ട്‌ മൂരികള്3‍ വീട്ടിലുണ്ടായിരുന്നതിനാല്‍ ചാണകം വാങ്ങേണ്ടതില്ല.

വീടിന്‍റെ പടിഞ്ഞാറ്‌ വശത്തായിട്ടായിരുന്നു തൊഴുത്ത്‌. തൊഴുത്തിനോടുചേര്‍ന്ന്‌ ചാണകക്കുഴി. ദിവസവും തൊഴുത്ത്‌ വൃത്തിയാക്കി ചാണകവും മൂത്രവും കൂടി ചാണകക്കുഴിയിലേക്ക്‌ മാറ്റും.

തൊഴുത്തിനോട്‌ ചേര്‍ന്ന്‌ ഒരു വലിയ കുഴി മാത്രമാണ്‌ ചാണകക്കുഴി. കുഴിയുടെ പുറം ഭാഗത്ത്‌ ചാണകം ഉണങ്ങിയിരിക്കും. ഉള്ളിലേക്ക്‌ നിങ്ങുന്നതിനനുസരിച്ച്‌ ചാണകത്തിന്‌ നനവ്‌ കൂടികൊണ്ടിരിക്കും. ഉഷച്ചേച്ചി പുറത്തെ ഉണങ്ങിയ ചാണകവും ചാരവും ചേര്‍ത്താണ്‌ പൊടി തയ്യാറാക്കുന്നത്‌. ഉണങ്ങിയതിനാല്‍ കട്ടയായ ചാണകം രണ്ടു കൈകളിലെടുത്ത്‌ തിരുമ്മി ഉടക്കും. നനവ്‌ വിട്ടുമാറിയിട്ടില്ലാത്ത ചാണകത്തിന്‍റെ ഉള്ളില്‍ അല്‍പം തടിച്ച്‌ വീര്‍ത്ത്‌ ഭംഗിയുള്ള തൂവെള്ള പുഴുക്കളെ കാണാന്‍ എന്ത്‌ രസമാണെന്നൊ. കുറെ നേരം നോക്കിയിരുന്നപ്പോള്‍ മടുപ്പ്‌ തോന്നി. ഉഷച്ചേച്ചിയെ സഹായിക്കാമെന്നുവെച്ചു. ചേച്ചിക്ക്‌ അഭിമുഖമായി കുന്തുകാലിലിരുന്നു.

"പാവാട നേരെയിട്ടിരിക്കെടി. തറവാട്‌ മുഴുവന്‍ എനിക്ക്‌ കാണാല്ലൊ..."

കള്ളച്ചിരിയോടെ ഉഷച്ചേച്ചി.

ഒന്ന്‌ ചൂളിയെങ്കിലും അത്‌ കാര്യമാക്കാതെ ചാണകം തിരുമ്മിയുടക്കാന്‍ തുടങ്ങി.

"സൂക്ഷിച്ച്‌ തിരുമ്മ്‌. നിന്‍റെ മൊല കൂടി ചാണത്തിലേക്ക്‌ വീഴൂല്ലോ ഇപ്പൊ."

വെട്ടിത്തുറന്ന്‌ പറയാന്‍ മടിയില്ലാത്ത ഉഷച്ചേച്ചി ബ്ലൌസിനുള്ളില്‍ തിങ്ങിയമര്‍ന്ന മാറിടം കഴുത്തിനു താഴെ തുടിക്കുന്നതു കണ്ടപ്പോള്‍ പറഞ്ഞു. ചേച്ചിയുടെ വാക്കുകളില്‍ അസൂയയുടെ ചുവ ഉണ്ടായിരുന്നു. കൊയ്ത്ത്‌ കഴിഞ്ഞ്‌ രണ്ടു ദിവസം കഴിഞ്ഞാണ് കറ്റ മതിക്കുന്നത്‌.

കുണ്ട4കൂട്ടിയിരിക്കുന്ന കറ്റകള്‍ രണ്ടു ദിവസം കൊണ്ട്‌ പുഴുകി ആവിയെടുക്കും. അതിനുശേഷം മെതിക്കാന്‍ തുടങ്ങിയാല്‍ നെല്‍മണികള്‍ പെട്ടെന്ന്‌ വേര്‍പെട്ട്‌ കിട്ടും. കൊയ്ത്തവസാനിച്ചാലുടനെ അച്ഛന് നിലം ഉഴുത്‌ മറിക്കാതെ ഉറക്കം വരില്ല.

ഒരാഴ്ച പാടത്ത്‌ തന്നെയായിരിക്കും. കാലത്ത്‌ ചായ കുടിച്ച്‌ മൂരികളുമായിറങ്ങിയാല്‍ വൈകിട്ടെ തിരിച്ചെത്തു. അതിനിടയില്‍ ചായയും ചോറും പാടത്തെത്തിക്കും. വൈകീട്ട്‌ ഉഴവ കഴിഞ്ഞ്‌ മൂരികളെ കുഷ്ണാറക്കുളത്തില്‍ കൊണ്ടുപോയി തേച്ച്‌ കഴുകി സന്ധ്യയോടുകൂടി തിരിച്ചെത്തും.

അന്ന്‌ ഉച്ചയൂണ്‌ കഴിഞ്ഞ്‌ അമ്മ കൊയ്ത്ത്‌ പുരയിലേക്ക്‌ പോയി. പണിക്കിടയില്‍ സൊറ പറഞ്ഞിരിക്കുന്നത്‌ അമ്മക്കും പണിക്കാര്‍ക്കും സന്തോഷമായിരുന്നു. അച്ഛന് ചോറ്‌ കൊടുത്ത്‌ തിരികെ വന്നപ്പോള്‍ തൊഴുത്തിനരുകില്‍ ചാരുച്ചേട്ടന്‍ എന്തൊ തിരയുന്നു. പാത്രങ്ങള്‍ അകത്തുവെച്ച്‌ അവള്‍ തൊഴുത്തിനരുകിലെത്തി.

"ചേട്ടനെന്താ തിരയുന്നത്‌?"

"നിന്റച്ഛന്‍ കോവിന്ദന്‍ മൂരികളെ തല്ലുന്ന വടി എടുത്തോണ്ട്‌ വരാന്‍ പറഞ്ഞു. തൊഴുത്തിന്‍റെ ഇറയില്‍5 വെച്ചിട്ടുണ്ടത്രെ"

പുല്ലട്ടിനു6മുകളിലെ ഓലകള്‍ക്കിടയില്‍ ഉണക്കിയെടുത്ത കണലി വടി തിരുകിവെച്ചിരിക്കുന്നത്‌ അവള്‍ കണ്ടു. പുല്ലൂട്ടിനു മുകളില്‍ കയറി നിന്ന്‌ അവള്‍ വടിയെടുക്കാന്‍ കൈ നീട്ടിയപ്പോള്‍ പിടി വിട്ട്‌ താഴേക്ക്‌ മറിഞ്ഞു. താഴെ നിന്ന ചാരുവിന്‍റെ ദേഹത്ത്‌ തട്ടി രണ്ടുപേരും കൂടി പുല്ലൂട്ടിലേക്ക്‌ വീണു. അള്ളിപ്പിടിച്ച്‌ അവര്‍ പുല്ലൂട്ടിലൊതുങ്ങിക്കൂടി. വിമുക്തരാവണമെന്ന്‌ രണ്ടുപേര്‍ക്കും തോന്നിയില്ല. കുറെ നിമിഷം അവരനുഭവിക്കാത്ത അനുഭൂതികളിലേക്ക്‌ ഊളയിട്ടു.

സമയം പോയ്ക്കൊണ്ടിരുന്നതവരോര്‍ത്തതേയില്ല.

ചാരുവിനെ കാണാതെ അന്വേഷിച്ചെത്തിയ ഗോവിന്ദന്‍ പുല്ലൂട്ടിലെ അനക്കം കേട്ട്‌ നോക്കിയപ്പോള്‍ കണ്ണുകളെ വിശ്വസിക്കാനായില്ല. ഭ്രാന്ത്‌ കയറിയ അയാള്‍ കണലി വടിയെടുത്ത്‌ തൊഴിച്ചു. പുല്ലൂടിന്‍റെ അഴികളില്‍ തട്ടിയ വടി ഒടിഞ്ഞു.

തല്ല്‌ കൊള്ളാതെ അവളെഴുന്നേറ്റ്‌ പുറത്ത്‌ ചാടി.

പുലൂട്ടില്‍ കുടുങ്ങിയ അവന്‍ അയാളുടെ ചവിട്ടിനോടും തൊഴിയോടും മല്ലിടുമ്പോള്‍ അവള്‍ കാളത്തൊട്ടിക്ക്‌ പുറകിലായി ഒളിച്ചു. അയാളുടെ കൈകളില്‍ നിന്ന്‌ രക്ഷപ്പെട്ട അവന്‍ വീട്ടിലേക്കോടി. ഇര നഷ്ട്പ്പെട്ട അയാളുടെ കോപം വര്‍ദ്ധിച്ചു. തൊഴുത്തിനു പുറത്തിറങ്ങിയ അയാള്‍ കോപം കൊണ്ട്‌ വിറക്കുന്നുണ്ടായിരുന്നു.

ഒളിച്ചിരിക്കുന്ന മൃണാളിനിയുടെ കണ്ണുകളില്‍ ഭയവും പകപ്പുമായിരുന്നു. ഒന്നും സംഭവിച്ചിട്ടില്ലെന്ന്‌ ആശ്വസിക്കാമെങ്കിലും അച്ചനത്‌ വിശ്വാസമാകില്ല.

കാളത്തൊട്ടിക്കു പിന്നില്‍ നിന്ന്‌ മുടിക്കുത്തിനു പിടിച്ച്‌ അവളെ അയാള്‍ പുറത്തെടുത്തു. രൌദ്രഭാവത്തോടെ ഗോവിന്ദന്‍ അവളെ പിടിച്ചു വലിച്ച്‌ കൊയ്ത്ത്‌ പുരക്കരുകിലെത്തി. കൊയ്ത്തു പുരയുടെ അരികു ചേര്‍ന്ന്‌ നില്‍ക്കുന്ന പഴയ മുവാണ്ടന്‍ മാവിന്‍റെ താഴെ അവരെത്തി. എന്താണ്‌ സംഭവിക്കുന്നത്‌ എന്നറിയാതെ പണിക്കാരെല്ലാം സ്തംഭിച്ചുനിന്നു. അവളെ മാവില്‍ കെട്ടിയിട്ടു. പിന്‍ഭാഗം പുറത്തേക്കായി മുഖം മാവിനോട്‌ ചേര്‍ത്താണ്‌ കെട്ടിയത്‌.

"ഗോവിന്ദേട്ടന്‍ എന്ത്‌ പ്രാന്താ ഇക്കാണിക്കുന്നത്‌?"ഉഷച്ചേച്ചി ഇടപെട്ടു.

"മിണ്ടല്ലെടി കൂത്തിച്ചി. പ്രാന്ത്‌ നിന്റച്ഛനാ." കനത്ത ശബ്ദത്തില്‍ അയാളലറി.

ഒടിഞ്ഞ കണലി വടി കൊണ്ടവളുടെ പുറത്തയാള്‍ അടിക്കാന്‍ തുടങ്ങി. ഉഷച്ചേച്ചി വടി വങ്ങി ഒടിച്ചു കളഞ്ഞു. അച്ഛന്‍ ഉഷ്ച്ചേച്ചിയെ തള്ളി താഴെയിട്ടു. വര്‍ദ്ധിച്ച വീര്യത്തോടെ വേലിയില്‍ നിന്ന്‌ നീരോലി വടിയൊടിച്ച്‌ പാഞ്ഞടുത്തു. ചറപറാ പുറത്തടിച്ചു. എത്ര അടിച്ചിട്ടും മൃണാളിനിയില്‍ നിന്ന്‌ പ്രതികരണമൊന്നും വരാതായപ്പോള്‍ അയാള്‍ക്ക്‌ കലി കയറി. അയാള്‍ ഇടതു കൈ കൊണ്ട്‌ അരപ്പാവാടയും അടിയുടുപ്പും താഴെനിന്ന്‌ മുകളിലേക്ക്‌ ഉയത്തി പിടിച്ചു. കറുത്ത ഷഡ്ഡിക്കു മുകളില്‍ ചന്തികള്‍ നഗ്നമായി. പിന്നീട്‌ വടികൊണ്ടയാള്‍ ആഞ്ഞാഞ്ഞടിച്ചു. അവള്‍ നിയന്ത്രണം വിട്ട് അലറി കരഞ്ഞു. വെളുത്ത തുടകള്‍ ചുവന്നു തുടുത്തു. മൂക്കത്ത്‌ വിരല്‍ വെച്ച്‌ അത്ഭുതം കൂറിയ പെണ്ണുങ്ങള്‍ ശ്വാസം വിടാതെ നിന്നു. വടിയൊടിഞ്ഞ്‌ അകത്തുട പൊട്ടി ചോര വന്നപ്പോള്‍ അയാള്‍ നിറുത്തി. അപമാനവും ജാളൃതയും സഹിക്കാനാവാതെ മൃണാളിനി ബോധം നഷ്ടപ്പെട്ടതു പോലെ തല കുമ്പിട്ട്‌ നിന്നു.

മൃണാളിനിയെ കാണാനില്ലെന്ന തിരിച്ചറിവോടെയാണ്‌ നേരം വെളുത്തത്‌. കിണറുകളും കുറ്റിക്കാടുകളും തോടുകളും കുളങ്ങളും നാട്ടുകാര്‍ അരിച്ചുപൊറുക്കി.

കുഷ്ണാറക്കുളം തെരഞ്ഞ്‌ വരുന്നവരോടായി നാണിയമ്മായി വിളിച്ചു പറഞ്ഞു-

"അവനും അവളും കൂടി പൊറപ്പെട്ടു പോയി. "


1.കറ്റ (മുറിച്ചെടുക്കുന്ന നെല്‍ച്ചെടികള്‍ ചെറിയ കെട്ടാക്കി വെക്കുന്നത്‌.)

2.കൊള്ളി (കപ്പ)

3.മൂരി (കാള)

4.കുണ്ട (കറ്റകളുടെ കൂന)

5.ഇറ (ഓല മേഞ്ഞ ഇറക്ക്‌)

6.(പുല്ലുകൂട്‌-തൊഴുത്തില്‍ പുല്ലും വൈക്കോലും കാളകള്‍ക്ക്‌ കൊടുക്കാന്‍ കെട്ടിയുണ്ടാക്കുന്ന കൂട്‌)

ജീവിതവഴിയിലെ ജനല്‍പ്പാളികള്‍


നടന്നു വേണം ബസ്റ്റോപ്പിലെത്തുവാന്‍... ദിവസവും ഒരേവഴി...! വലതുഭാഗം കുത്തൊഴുക്കില്ലാത്ത, തടയണിയുടെ ബാക്കിഭാഗമായ നദി. ഇടതുവശം ഒറ്റപ്പെട്ട വീടുകളും, ചേറുകള്‍ കൂട്ടിയിട്ടിരിക്കുന്ന നഗരസഭയുടെ അഴുക്കുപാത്രം പോലെ പരന്ന് വികൃതമായി കിടക്കുന്ന സ്ഥലങ്ങളും...! മൂക്ക് പൊത്തിക്കടക്കുകയാണ് പതിവ്. പിന്നെയും കുറച്ചുകൂടി നടന്നാല്‍ രണ്ടുനിലകളുള്ള ഒരു പഴയ വീട്, പേര കായിച്ചുനില്‍ക്കുന്ന മുറ്റത്ത്. പുതിയ മതിലിന്റെ മറവില്‍ പേരയുടെ മുകള്‍ ഭാഗം മാത്രം കാണാം, ഒന്നാം നിലയുടെ പകുതിഭാഗവും രണ്ടാംനില മുഴുവനും കാണാം.



ദിവസങ്ങള്‍ കൊണ്ടുള്ള പരിചയം മൂലം, ആ ഏകാന്ത ഭവനത്തെ അടുത്തറിയുവാന്‍ തുടങ്ങി. എന്തോ ഒരു ആകര്‍ഷണമുള്ളതുപോലെ.. ! ഗേറ്റ് തുറന്നു കയറിയാല്‍ വതിലുകളല്ല കാണുന്നതെന്നു മനസ്സിലായി. അങ്ങനെ അകത്തുകയറി, പേരക്കയുടെ രുചി അറിയാന്‍ കഴിഞ്ഞു. വീണ്ടും ഉള്ളിലേക്കു കയറി ഇടത്തോട്ട് തിരിഞ്ഞാല്‍ വാതില്‍ കാണാം..! ദൈവമേ കതകിന്റെ പാതി പാളി തുറന്നു കിടക്കുന്നു. ഇന്നിത്രേം മതി, തിരിച്ചിറങ്ങാന്‍ നോക്കിയപ്പോള്‍ പുറകില്‍ കടുപ്പിച്ച നോട്ടവുമായി ഒരു “പാട്ടി” (അമ്മൂമ്മ) . “ ദൈവമേ പെട്ടുപോയല്ലൊ, തിരിച്ചിറങ്ങാന്‍ ഒരു വഴിമാത്രം പക്ഷെ ചുവന്ന കണ്ണുകളുമായി തുറിച്ചുനോക്കി നില്‍ക്കുന്നു പാട്ടി. ”

“ കൊയ്യപ്പളത്തിക്കാകെ...! ” (പേരയ്ക്കായിക്കുവേണ്ടി...!)


ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു. ചുട്ട മറുപടി തന്നെ കിട്ടി. പിന്നെ ഒരു ചോദ്യവും “പേരക്കായിക്കു വന്നതാണെങ്കില്‍ അതെടുത്ത് പോയിക്കൂടേ..? ഈ ഭാഗത്തേക്കുവന്നെന്താ കാര്യം...? മേലാല്‍ ഈ മതിലിനകത്ത് ഇനി കണ്ടു പോകരുത് ” എന്നൊരു താക്കീതും.

‘ പിന്നേ ഈ വീട്ടിലെന്താ രത്നം പൂഴ്ത്തി വച്ചിരിക്കുവല്ലേ...! ’  ഞാന്‍ മനസ്സിലോര്‍ത്തു.



“എന്ന നെനച്ചിട്ടിരുക്ക്....? വെലിയില് പോ...! ”(എന്തോ ആലോചിച്ചോണ്ട് നില്‍ക്കുവാ...? വെളിയില്‍ പോ..! ) അവരലറി. വെളിയില്‍ വന്നപ്പോഴേക്കും വിയര്‍ത്തുപോയി. വായില്‍ വെള്ളം ഊറിയാലും, വീണ്ടും അതിനകത്തേക്കു കയറുവാന്‍ ഒരു ധൈര്യക്കുറവ് .



പിന്നെ പിന്നെ ശ്രദ്ധ രണ്ടാം നിലയിലുള്ള അടഞ്ഞ ജനല്‍പ്പാളികളില്‍ മാത്രമായി. അതില്‍ മാത്രമായി നോട്ടം. ഇത്രയും നാളായി അത് തുറന്നിട്ടേ ഇല്ല ! ദാ ആ പാട്ടി എതിരേ..! “എന്നടാ അങ്കെയേ പാത്തിട്ട് വരുത്...? അങ്കെ ഉന്‍  #*x*##@# ഇരുക്കാ..?”. (എന്താടാ അവിടെതന്നെ നോക്കി വരുന്നത്.? അവിടെന്താ നിന്റെ #*x*##@# ഇരുപ്പുണ്ടോ..? ) കലി കയറി വന്നു എനിക്ക്. പെട്ടെന്നാണ് അതു സംഭവിച്ചത് കൂടെ വന്ന ഒരുവന്‍ ഒരു കല്ലെടുത്ത് ആ ജനാലപ്പാളിയിലേക്കൊരേറ്...!


തച്ചുടച്ചു അത്, ഉന്നം ശരിയായതിന്റെ ആഹ്ലാദം ! പക്ഷെ നടന്നതു വിപരീതമായിരുന്നു, അലറിക്കരയുന്ന ഒരു പെണ്‍കുട്ടിയുടെ സ്വരം, ഉച്ചത്തില്‍ വളരെ ഉച്ചത്തില്‍..... എല്ലാവരും ഓടിക്കളഞ്ഞു..! ഞാന്‍ അന്തിച്ചവിടെ നിന്നു. അത്ഭുതമായിരുന്നു എനിക്ക്, ഒരിക്കലും തുറക്കാത്ത ആ ജനല്‍പ്പാളിയുടെ അപ്പുറത്ത്  ആരായിരിക്കാം, അവള്‍ എങ്ങനെ ഇരിക്കും..? ജിജ്ഞാസ കൂടി വന്നു.

കുറെ നാളുകള്‍ക്കു ശേഷം വെളിച്ചവും കാറ്റും ഉള്ളില്‍ വന്നതിന്റെ സന്തോഷമോ, തന്റെ പ്രിയപ്പെട്ട ജനല്‍ചില്ലുകള്‍ ഉടഞ്ഞതിന്റെ വിഷമവും പ്രകടാമാകാത്ത, മുടി അഴിഞ്ഞ് പരന്നുനടക്കുന്നതും, പൊട്ടുകുത്താതുമായ ഒരു മുഖവുമായി പൊട്ടിയ ഒരു ജനാലച്ചില്ല് കയ്യിലേക്കെടുത്ത് പുറത്തേക്ക് നോക്കി അവള്‍....! എന്നെയായിരുന്നോ നോക്കിയത്...? അല്ല ! പുതിയ വെളിച്ചത്തെ ? ആ പേരമരത്തിലിരുന്ന് കൊഞ്ചുന്ന കിളികളെ....? അല്ല ! തണുപ്പേകി തഴുകുന്ന ആ കാറ്റിനെ അനുഭവിക്കുന്നതുപോലെ പവള്‍ പെട്ടെന്നു കണ്ണടച്ചു..!

ഒന്നും പറയാതെ കയ്യിലിരുന്ന സഞ്ചി താഴെയിട്ട് പാട്ടി അകത്തേക്കോടി, നിമിഷങ്ങള്‍ക്കു ശേഷം അവള്‍ പുറകോട്ടു നോക്കി... ഓടി വന്ന് കയ്യിലെ പൊട്ടിയ ചില്ല് പിടിച്ചുവാങ്ങി അവര്‍ അവളെയും കൊണ്ട് പോകാന്‍ തുടങ്ങി....

“വാടാ... ടാ വരാന്‍... കൂട്ടുകാര്‍ ദൂരെ മാറിനിന്ന് വിളിക്കുന്നു.”

അവള്‍ എന്നെ നോക്കി, നിര്‍വികാരമായ ആ നോട്ടം, പിന്നെ, വെളിയിലെ ദൃശ്യങ്ങള്‍ മാഞ്ഞുപോകുമല്ലോ എന്നോര്‍ത്താവാം ദയനീയമായി. അവ്യക്തമായ ചിത്രങ്ങള്‍ നിറഞ്ഞ മനസ്സുമായി ഞാന്‍ ആ ദിവസം മുഴുവന്‍, ആ നിര്‍വികാര നിര്‍മല മുഖമോര്‍ത്ത് ചിന്തയില്‍ മുഴുകി.

അറിയാനുള്ള ആഗ്രഹം, കോളേജില്‍ നിന്ന് അരദിവസത്തെ ലീവെടുത്തു. തിരിച്ച് പഴയ സ്ഥലത്തു ചെല്ലാന്‍ ഒരു മടി, പൊട്ടിപ്പോയതിന് പകരം ഗ്ലസുമേടിച്ചു കൊടുക്കുവാന്‍ പറഞ്ഞാലോ..! അതുകൊണ്ട് ആ വീടിനടുത്തവഴിയിലുള്ള ചായക്കടയിലെ ചായ രുചിനോക്കാതെ ഇറക്കി. പിന്നെ ചില അന്വേഷണങ്ങള്‍, എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്തപോലെ ചായക്കടക്കാരന്‍ ഒന്നും പറയാതെ എല്ലാം പറഞ്ഞു. രണ്ടര രൂപ വെറുതെ പോയില്ല, അവളും അമ്മൂമ്മയും മാത്രമാണ് അവിടെ ഉള്ളതെന്നും, രാവിലെ ഒരു ആമ്പുലന്‍സില്‍  അവളെ കയറ്റികൊണ്ടുപോയിരുന്നു എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. അവളുടെ അച്ഛനമ്മമാര്‍ രണ്ടുവര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തെന്നും,
അങ്ങോട്ടു പോകണ്ടാ രാത്രികാലങ്ങളില്‍ അവരുടെ പ്രേതത്തിന്റെ അലര്‍ച്ച കേള്‍ക്കാമെന്നും മുന്നറിയിപ്പ് നല്‍കിയിട്ട് എന്നെ ഒന്നു സൂക്ഷിച്ചുനോക്കി. കൂടുതൊലൊന്നും ചോദിക്കാതെ ഞാന്‍ നടന്നു.

കൂട്ടുകാര്‍ തിരിച്ചു വന്നു, വെള്ളിയും ശനിയും അവധി പ്രഖ്യാപിച്ചു. സന്തോഷം ആ വഴി ഇനി കുറച്ചുനാള്‍ കഴിഞ്ഞു പോയാ‍ല്‍ മതിയല്ലോ.. കൂട്ടുകാര്‍ ഇങ്ങനെയും പറയുന്നുണ്ടായിരുന്നു!

പക്ഷെ ഉറങ്ങാന്‍ കഴിയുന്നില്ല. അടുത്തദിവസം വീണ്ടും അതേ വഴിയിലൂടെ ഞാന്‍.. ജനല്‍പ്പാളികളില്‍ ഇന്നു ചില്ലുകള്‍ പൂര്‍ണമായും ഇല്ല, കമ്പിയഴികള്‍ക്കപ്പുറത്ത് ചീകിഒതുക്കിയമുടിയും, പൊട്ട് തൊട്ട്, പുറത്തേക്കു നോക്കിയിരിക്കുന്ന സുന്ദരിക്കുട്ടിയെ ഞാന്‍ കണ്ടു. മനസ്സിന് സമാധാനവും വെളിച്ചവും വീണപോലെ അവള്‍ ആരെയോ പ്രതീക്ഷിച്ച് നില്‍ക്കുന്നു. അവള്‍ എന്നെ നോക്കി, നിര്‍വികാരമായ നോട്ടം, പിന്നെ വെളിയിലെ  ദൃശ്യങ്ങള്‍, ഉള്ളിലെ ദൃശ്യങ്ങളുടെ നിഴലുകള്‍ മായിക്കുന്നതുകൊണ്ടാകാം, ദയനീയമായ ആ നോ‍ട്ടം മാഞ്ഞിരിക്കുന്നു.
ഞാന്‍ തിരിച്ചു നടന്നു, അവള്‍ എന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ..? എന്തിനാണ് അവളിലെ ഈ മാറ്റം ?

അടുത്ത ദിവസം വീണ്ടും ആ വഴിയെ ലക്ഷ്യം കണ്ട്... “എങ്ങോട്ടാടാ രാവിലെ തന്നെ..? കോളേജില്ലല്ലോ ഇന്ന്.. ” ഞാന്‍ ഒന്ന് ചിരിച്ചു, ഒന്നും മിണ്ടാതെ ഗുപ്ത ലക്ഷ്യങ്ങള്‍ മനസ്സില്‍ കുറിച്ചിട്ട് വീണ്ടും ആ വഴിയെ ലക്ഷ്യമാക്കി നടന്നു.
ഇന്ന് എന്നെ കാത്തെന്ന പോലെ പാട്ടി നില്‍ക്കുന്നു..! ദൈവമേ എന്താകുമോ ആവോ? എന്തായാലും വരട്ടെ എന്ന് കരുതി അവരുടെ അരികിലേക്കു ഞാന്‍ നടന്നു. ആശ്ചര്യം ! ഒരു പുഞ്ചിരിയോട് കൂടി അവരെന്നെ വിളിച്ചു...!
“ രണ്ടു വര്‍ഷമായി, അവള്‍ ഇരുട്ടിനെ ഇഷ്ടപ്പെടുവാന്‍ തുടങ്ങിയിട്ട്, നീ തകര്‍ത്ത ആ ജനാലച്ചില്ലുകള്‍ക്ക് ഒരു മനുഷ്യനെ വെളിച്ചം കാണിക്കുവാന്‍ കഴിവുള്ളതായിരുന്നു. അന്ന് ഒരുനാള്‍, ഇവളുടെ വിവാഹനിശ്ചയം കഴിഞ്ഞെത്തിയ എന്റെ മകനും മരുമകളെയും ഞാനിന്നും ഓര്‍ക്കുന്നു, സന്തോഷത്തിനു പകരം പേടിയുള്ള ഒരു മുഖമായിരുന്നു അവര്‍ക്ക്... ചോദിച്ചതത്രയും കൊടുത്തില്ലങ്കില്‍ വിവാഹം മുടങ്ങും എന്നു പോലും...! പിറ്റേന്ന് പുലരി പിറന്നത് അവരുടെ ആത്മഹത്യാ കുറിപ്പുമായായിരുന്നു. കല്യാണവും മുടങ്ങി.. അത് അവളുടെ മാനസിക നില തെറ്റിച്ചു. വെളിച്ചത്തെയും പ്രഭാതത്തെയും അവള്‍ വെറുത്തു തുടങ്ങി. സ്വപ്നം കണ്ട തന്റെ കാമുകനെ ഭര്‍ത്താവായികിട്ടുമെന്നുള്ള പ്രതീക്ഷയും മാതാപിതാക്കളുടെ മരണവും അവളെ തളര്‍ത്തി. ഒന്നര വര്‍ഷത്തെ ചികിത്സയിലായിരുന്നു അവള്‍. പക്ഷെ നിര്‍വികാരമായ ഒരു മനസ്സുമായ ഒരു മനുഷ്യപ്രതിമയെയാണെനിക്കു അവര്‍ തിരികെ നല്‍കിയത്. പക്ഷെ നീ എനിക്ക് ആ ജീ‍വനെ തിരിച്ചുനല്‍കിയിരിക്കുന്നു, അവള്‍ക്ക് വെളിച്ചം ഇഷ്ടമായിത്തുടങ്ങിയിരിക്കുന്നു.. എങ്ങനെയാണ് നിന്നോട് ഞാന്‍ നന്ദി പറയേണ്ടത്...? ”

അവരുടെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ കണ്ടു. അവര് കൈകൂപ്പി നിന്നു. ഒന്നും പറയാനറിയാതെ ഞാനും നിന്നു. ‘പിന്നെ വെരാം’ എന്ന ഒരു പാഴ്വാക്കേകി ഞാന്‍ നടന്നകന്നു.
അവള്‍ ആ ജനാലപ്പാളികള്‍ക്കപ്പുറത്ത്, മനസ്സിലെ ജനാലക്കകത്ത് തടഞ്ഞുവെച്ച തന്റെ അച്ഛനമ്മമാരെ, അതൊ തന്റെ കാമുകനായ പുരുഷന്റെ ഓര്‍മയുടെ ജാലകമാം തടവറയില്‍ നിന്ന് ചില്ല് പൊട്ടിച്ച് വെളിയില്‍ വന്നപോലെ എന്നെ നോക്കി.... ഇന്ന് അവള്‍ എന്നെ തന്നെയാണ് നോക്കുന്നത്. പേരറിയാത്ത ഞാനിതാ നടന്നകലുന്നു, പുതിയ ഒരു പ്രഭാതം നിനക്കായി നല്‍കിയിട്ട് ഞാനിതാ നടന്നകലുന്നു. പേരാറിയാത്ത നിന്നെയും മനസ്സിലേറ്റി പുതിയ പ്രഭാതം തേടി ഞാനും.


ശുഭം.


Sunday, January 17, 2010

കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലെ കൂട്ടുകാര്‍.

മുന്നിലത്തെ ബഞ്ചില്‍ അര്‍ജ്ജുന്‍ അവന്റെ അഛന്റെയും അമ്മയുടെയും കൂടെ ഇരിക്കുന്നു. ഹെഡ്മാസ്റ്ററുടെ പ്രസംഗത്തിലല്ല അവരുടെ ശ്രദ്ധ, തമ്മില്‍ എന്തൊക്കെയോ പറയുന്നു.  ഈ സ്കൂളില്‍ ഇതെന്റെ ആദ്യത്തെ വാര്‍ഷികമാണ്.
ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍, പ്രെയിസ് ഗോസ് ടു തോമസ്.....!

ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തോമസ്.....!
എല്ലാവരും എന്നെ നോക്കി,  എന്തിനാ‍ണ് എല്ലാവരും എന്നെ നോക്കുന്നത്..!
തോമസ് കം ടു ദ സ്ടേജ്....!
അപ്പോഴാണ് തോമസ് എന്നുള്ളത് എന്റെ പേരാണല്ലോ എന്ന തിരിച്ചടിവുണ്ടാകുന്നത്...!
പോടാ, എടാ പോകാന്‍...!
അടുത്തിരുന്ന കൂട്ടുകാര്‍ തിരക്കു കൂട്ടി....! അര്‍ജ്ജുന്റെ അഛനും അമ്മയും അടക്കം എന്നെ നോക്കി.. വാര്‍ഷികാഘോഷത്തിന്റെ ആദ്യത്തെ ട്രോഫി എനിക്ക്..! എനിക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സന്തോഷം, എല്ലാവരും എന്നെ തന്നെ നോക്കുന്നു ആരാധനയോ കുശുമ്പോ..? രോഹിതിനോട് അവന്റെ അഛന്‍ ചോദിക്കുന്നു, “കണ്ടു പഠിക്കടാ...! നിനക്കിത്രേം സൌകര്യമുണ്ടായിട്ടും...!” അതെന്താണോ അങ്ങനെ പറഞ്ഞത്..? ഞാന്‍ സ്റ്റേജിലേക്ക് നടന്നു...!

സെക്കന്‍ഡ് പ്രേയ്സ് അര്‍ജ്ജുന്‍ നാദ്.............! 
തേഡ് പ്രേസ് ജോസിലീന്‍ ജോസഫ്..........!
 പിന്നെയും പല പ്രാവശ്യം കയ്യടികളുടെ ഇടയിലൂടെ, മറ്റു കുട്ടികളുടെ അഛനമ്മമാരുടെ ഇടയിലൂടെ, ഒരു ചെറിയ പുഞ്ചിരി മുഖത്തു വരച്ചുകാട്ടി, അടുക്കിപ്പിടിച്ച സര്‍ട്ടിഫിക്കറ്റും, ട്രോഫിയും ഇടത്തേക്കയ്യില്‍ താങ്ങി, അര്‍ജ്ജുന്റെ മുഖത്ത് അസൂയ നിറച്ച്, ജോസിലീന്റെ മുഖത്ത ചിരിയുടെ മുത്തുകള്‍ വാരി വിതറി സ്റ്റേജിലേക്കു നടന്നു..............!
 
പിന്നെ കലാപരുപാടികളായി, അവയില്‍ ചിലതില്‍ സ്ടേജില്‍ കയറിയിറങ്ങി..!  പിന്നെ ജോസിലീന്റെ നൃത്തത്തിന്  കാഴ്ചക്കാരനായി ഇരുന്നു. അര്‍ജ്ജുന്റെ അമ്മ അടുത്തുവന്ന് സഹതാപത്തോടുകൂടി പറഞ്ഞു ഇനിയും പഠിക്കണം നല്ലതുപോലെ, സമ്മാനങ്ങള്‍ ഇനിയും വാങ്ങണം, ഹി ഹി കൂടെനിന്ന അര്‍ജ്ജുന്റെ മുഖം കറുത്തിരുണ്ടു. ഉച്ചയായി, ഭക്ഷണം കഴിക്കുവാനായി പുറത്തിറങ്ങി എല്ലാവരും... മരത്തിന്റെ തണലില്‍ അമ്മ അര്‍ജ്ജുനന് വാരിക്കൊടുക്കുന്നു, എനിക്കു മാത്രം പൊതിയില്ല, വായിലും കണ്ണിലും ഒരുപോലെ വെള്ളം നിറഞ്ഞു. ഞാന്‍ കഞ്ഞിപ്പുരയിലേക്കോടി.
ശങ്കരിയമ്മേ... ശങ്കരിയമ്മേ... ഇന്നു കഞ്ഞിയില്ലേ..?
ഇല്ലല്ലോ കുട്ടാ ഇന്നു വാര്‍ഷികമല്ലേ..!
(ശങ്കരി അമ്മ എനിക്ക് പ്രത്യേകം പയറു തരുമായിരുന്നു, ഇന്നതുമില്ല... ).
ശങ്കരിയമ്മയ്ക്കു മുഖത്തെന്താ ഒരു വിഷമം.? ഇന്നത്തെ സ്പെഷ്യല്‍ എനിക്ക് തരാത്തതിനാണോ ?
എന്റെ പുറകെ വന്ന് ജോസിലീന്‍ വിളിച്ചു, കൂടെ അവളുടെ അഛന്‍, അഛന്‍ ഉച്ചയൂണിന് വീട്ടിലേക്ക് വിളിച്ചു, ദൈവമേ ആരോ പറഞ്ഞു വെച്ചപോലെ...!( ശങ്കരി അമ്മയുടെ പ്രാര്‍ത്ഥനയാകും ) സ്കൂളിന്റെ മതിലിനപ്പുറത്താണ് ജോസിലീന്റെ വീട്.
ഹായ്, ഭിത്തിയിലെ കണ്ണാടിക്കൂടില്‍ നിരന്ന് പാവകള്‍, ബൊമ്മകള്‍ കരടിക്കുട്ടികള്‍... എന്ത് രസം. ഞാന്‍ ആദ്യമായി കാണുകയാ വീട്ടില്‍ ഇത്രയും പാവകള്‍. പള്ളിപ്പെരുന്നാളിന് കടയില്‍ അടുങ്ങിയിരിക്കുന്നതുപോലെ. മുകളിലത്തെ തട്ടില്‍, അവള്‍ക്കു കിട്ടിയ ട്രോഫികള്‍ നീളമനുസരിച്ച് അടുക്കി വച്ചിരിക്കുന്നു.
എന്റെ പഴയ ട്രോഫികള്‍ എവിടയാണ്, ഞാന്‍ ഒരു നിമിഷം ആലോചിച്ചു പോയി. കുപ്പി പ്ലേറ്റില്‍ നല്ല ചോറ് പിന്നെ നിറയെ കറികളും, മൂക്കില്‍ കൂടി മണം തുളച്ചു കയറി. കൈ കഴുകണം എന്നും പ്രാര്‍ത്ഥിക്കണമെന്നും അഛന്‍ എന്നും പറയുന്നതോര്‍ത്തു. പിന്നെ ഒരു തീറ്റ, ഹായ് ഇതുവരെ ഇങ്ങനെ കഴിച്ചിട്ടില്ല.... രോഹിതിനോട് അവന്റെ അഛന്‍ പറഞ്ഞതിന്റെ പൊരുള്‍..?????

ജോസിലീന്‍ തിരിച്ച് വന്നില്ല, അവര്‍ കാഴ്ച ബംഗ്ലാവിലേക്ക് പോകുകയാണത്രേ..! ഞാന്‍  സ്കൂളിലെത്തി പരുപാടികള്‍ക്കിടയിലും പിന്നെ ചിന്ത കാഴ്ച ബംഗ്ലാവിനേക്കുറിച്ചായിരുന്നു.

പരുപാടിയെല്ലാം കഴിഞ്ഞ് ഞാന്‍ തിരിച്ചു വന്നു. ഒരു വര്‍ഷം പഴക്കമുള്ള ആ കാര്‍‌ഡ്ബോര്‍ഡ് പെട്ടി തേടി നടന്നു, മദറിനോടു ചോദിച്ചപ്പോള്‍ സ്റ്റോര്‍ റൂമിലുണ്ടാകും എന്നു പറഞ്ഞു, താക്കോല്‍ വാങ്ങി ഞാന്‍ ഓടി, തപ്പിക്കണ്ടുപിടിച്ചു, പഴയവക്ക് പൊടിപിടിക്കാന്‍ പുതിയ കൂട്ടുകാരെത്തിയ സന്തോഷത്തിലാണെന്നു തോന്നുന്നു, എന്നെ നോക്കി പഴയ ട്രോഫികള്‍ ചിരിക്കുന്നു.
താക്കോല്‍ തിരികെ ഏല്‍പ്പിക്കുവാന്‍ ഞാന്‍ മുന്‍പിലത്തെ ഓഫീസില്‍ ചെന്നു..? ആരോ വന്നിരിക്കുന്നു,
മോനേ..! ഇത് സെയിന്റ് തോമസ് ഓര്‍ഫനേജിന്റെ ഓഫീസല്ലേ..? മദറിനെ കാണുവാന്‍ വന്നതാ ?
അതെ, മദര്‍ ഇപ്പോള്‍ വരും എന്ന മറുപടി നല്‍കി ഞാന്‍ അകത്തേക്കു പോയി, കാര്‍‌ഡ്ബോര്‍ഡ് പെട്ടിയില്‍ അടുത്തവര്‍ഷം കൂട്ടുകാരെ കൊടുക്കുവാന്‍ ഉള്ള ഒരുക്കത്തിനായി. അടുത്ത പ്രാവശ്യം അര്‍ജ്ജുന്‍ വലിയ ട്രോഫി തട്ടിയെടുക്കാതിരിക്കാനുള്ള വാശിയോടെ.....!    

സുവിശേഷം

“അങ്ങിനെ പോകുന്നു മദ്യപാനത്തിന്റെ വിപത്തുകള്‍..!ഈ സാമൂഹ്യ തിന്മയില്‍ നിന്നും നമ്മുടെ സമൂഹം മോചനം നേടിയെങ്കില്‍ മാത്രമേ നല്ലൊരു നാളെയെ നമുക്കു വാര്‍ത്തെടുക്കുവാന്‍ കഴിയുകയുള്ളു. അതിനായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ എല്ലാവരേയും ആഹ്വാനം ചെയ്തുകൊള്ളുന്നു.”
അഖില കേരള മദ്യനിരോധന സമിതി താലൂക്ക് ട്രെഷറര്‍ ശ്രീമാന്‍ മുടന്തന്‍ കുഴി നാണു തന്റെ സുദീര്‍ഘമായ പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ ഇടിവെട്ടാം കോട് എല്‍. പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ തടിച്ച് കൂടിയിരുന്ന ബഹുപൂരിപക്ഷം ജനങ്ങളില്‍ നിന്നും ആശ്വാസ സൂചകമായ ഒരു നെടുവീര്‍പ്പുയര്‍ന്നു!മദ്യപാനം ഒരു സാമൂഹ്യവിപത്താണെന്ന് ചിത്രീകരിക്കുന്നതില്‍ നാണു ഏതാണ്ട് വിജയിച്ചു എന്നുതന്നെ കരുതാം.
“യുവാക്കള്‍ക്ക് അകാലത്തില്‍ മരണം വരുത്തിവക്കുന്ന ഒരു സാത്താനാണ് മദ്യം."
അതായിരുന്നു ആ പ്രസംഗത്തിന്റെ സാരം.
“ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ ഇവിടെ പറയുവാനുള്ള ഒരവസരം ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് മുന്നോട്ട് വരാം”
നാണു അനൌണ്‍സ് ചെയ്തു.സ്തീകളായിരുന്നു അവിടെകൂടിയിരുന്നതില്‍ കൂടുതലും.ആദ്യം മുന്നോട്ടുവന്നത് ഓട്ടോ തങ്കച്ചന്റെ കെട്ടിയവളായിരുന്നു.തങ്കച്ചന്‍ ആക്സിഡന്റില്‍ പെട്ടതും ഒടുവില്‍ ഓട്ടോയുടെ ബുക്കും പേപ്പറും പണയം വെക്കേണ്ടി വന്നതുമെല്ലാം കുടി മൂലമാണെന്ന് അവര്‍ സമര്‍ത്ഥിച്ചു.അതിനു ശേഷം രണ്ടു മൂന്നു സ്ത്രീകളും കൂടി മുന്നോട്ടു വന്ന് ഭര്‍ത്താക്കന്മാരുടെ കുടി മൂലം തങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ സദസ്സിനെ അറിയിച്ചു.ഇതെല്ലാം കേട്ടിരുന്ന പെണ്ണുങ്ങള്‍ കരഞ്ഞും മൂക്കുചീറ്റിയും തങ്ങളുടെ സഹതാപവും സങ്കടവും അന്യോന്യം പങ്കുവച്ചു.അതുവരെ ഓഡിറ്റോറിയത്തിന്റെ മൂലയില്‍ ഒരു മിനറല്‍ വാട്ടര്‍ ബോട്ടിലും പിടിച്ചുകൊണ്ടു നിന്നിരുന്ന കുഞ്ഞപ്പനാണ് അടുത്തതായി പ്രസംഗ വേദിയിലേക്ക് കടന്നു വന്നത്.“മാന്യ നാട്ടുകാരെ.“കുഞ്ഞപ്പന്‍ ആരംഭിച്ചു.“കഴിഞ്ഞ ചിങ്ങത്തില്‍ എന്റെ ഭാര്യ മാത്തന്റെ മകള്‍ കൊച്ചുമറിയ വയറ്റോപ്പറേഷനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിരുന്ന വിവരം ഇവിടെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെല്ലോ.ഓപ്പറേഷന്റന്നു രാവിലെ സകലദൈവങ്ങളേയും വിളിച്ചുംകൊണ്ട് ഞാന്‍ മെഡിക്കല്‍ കോളേജില്‍ പോകാനായി കൊല്ലം ട്രാന്‍സ്പോര്‍ട്ട് ബസ്സ് സ്റ്റാന്‍ഡില്‍ ചെന്നു.അവിടെ തിരുവനന്തപുരത്തേക്കു പോകാനായി പാര്‍ക്കുചെയ്തിരുന്ന ബസ്സില്‍ ഞാന്‍ കയറിയിരുന്നു. ബസ്സിന്റെ ഏറ്റവും പുറകിലെ മൂലയിലായിരുന്നു എനിക്ക് സീറ്റ് കിട്ടിയത്.അഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ കണ്ടക്ടര്‍ വന്ന് , ടയര്‍ പഞ്ചറായതിനാല്‍ അതുമാറ്റുവാന്‍ വേണ്ടി് ബസ്സ് അര മണിക്കൂര്‍ കഴിഞ്ഞുമാത്രമേ പുറപ്പെടുകയുള്ളുവെന്ന് അറിയിച്ചു.എന്റെ കയ്യിലിരുന്ന ന്യൂസ്സ് പേപ്പര്‍ സീറ്റില്‍ വച്ച് അതു ബുക്കു ചെയ്തതിനു ശേഷം ഞാന്‍ പുറത്തിറങ്ങി.ഭാര്യയുടെ കാര്യമാലോചിച്ചുള്ള ടെന്‍ഷനില്‍ അടുത്തുള്ള ബാറില്‍ക്കയറി രണ്ടു മൂന്നു സ്മാളും വിട്ട് പുറത്തുവന്നു നോക്കിയപ്പോള്‍ ആ ബസ്സ് പൊയ്ക്കഴിഞ്ഞിരുന്നു.പിന്നെ വന്ന സൂപ്പര്‍ ഫാസ്റ്റില്‍ക്കയറി ഞാന്‍ തിരുവനന്തപുരത്തേക്കു യാത്രയായി.ഏതാണ്ട് ആറ്റിങ്ങലിനടുത്തെത്തിയപ്പോല്‍ ഞങ്ങളുടെ വണ്ടി ഒന്നു സ്ലോ ചെയ്തു.പ്രിയമുള്ളവരേ അവിടെക്കണ്ട കാഴ്ച്ച കണ്ട് ഞാന്‍ മരവിച്ചിരുന്നു പോയി.ഞാന്‍ ആദ്യം കയറിയ ബസ്സ് ഒരപകടത്തില്‍പ്പെട്ട് റോഡിന്റെ സൈഡില്‍ കിടപ്പുണ്ടായിരുന്നു.ഞാനിരുന്നിരുന്ന സീറ്റിന്റെ ഭാഗം, അതായത് ബസ്സിന്റെ പുറകുവശം മൊത്തം തകര്‍ന്നു പോയി. അവിടെയിരുന്ന പത്തു പേര്‍ അപകട സ്ഥലത്തുവച്ചുതന്നെ മരിച്ചു പോയി!അന്നു മദ്യം എന്നെ രക്ഷിച്ചു.മദ്യപിക്കാതെ ബസ്സില്‍ത്തന്നെ ഇരുന്നിരുന്നുവെങ്കില്‍ ഇന്ന് നിങ്ങളുടെ മുമ്പില്‍ ഇതു പറയുവാന്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല.അതിനാല്‍ പ്രിയമുള്ളവരേ ഞാനിനിയും കുടിക്കും!”കുഞ്ഞപ്പന്‍ കയ്യിലിരുന്ന മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ നിന്നു വീണ്ടും കുടിച്ചു.“ഇത് മിനറല്‍ വാട്ടറല്ല. വോഡ്ക്കയും സ്പ്രിന്റുമാണ്”മദ്യനിരോധന സമിതി താലൂക്ക് ട്രഷറര്‍ ശ്രീമാന്‍ മുടന്തന്‍ കുഴി നാണു മൈക്ക് ഓഫു ചെയ്യുവാന്‍ ഓപ്പറേറ്ററോട് ആവശ്യപ്പെടും മുമ്പ് കുഞ്ഞപ്പന്‍ തന്റെ പ്രസംഗവും അവസാനിപ്പിച്ച് പുറത്തിറങ്ങി.മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ നിന്നും വീണ്ടും വീണ്ടും കുടിച്ചും കൊണ്ട് നടന്നുപോയ കുഞ്ഞപ്പനേയും നോക്കി ജനം ഉത്തരം മുട്ടി നിന്നു!

Saturday, January 16, 2010

ഒരിക്കല്‍ ഉണ്ടായിരുന്നു...കഥ

"ഒരിക്കല്‍ ഉണ്ടായിരുന്നു..."

ഗോപി വെട്ടിക്കാട്ട്

ഫീസില്‍ പുതുതായി ജോലിക്ക് വന്ന ഒപ്പേറെഷന്‍ മാനേജര്‍ ജിബി ജോര്‍ജിന്റെ വാചകമടി സഹിക്കാവുന്നതിലപ്പുരമായിരുന്നു.. മുപ്പതു പോലും തികയാത്ത അയാളുടെ വര്‍ണ്ണന കേട്ടാല്‍ അയാള്‍ അനുഭവിക്കാത്ത സ്ത്രീ കളില്ലെന്നും ..സ്ത്രീകളെല്ലാം അയാളുടെ പിറകെ പരക്കം പായുകയാനെന്നും തോന്നും..താനൊരു ഹീറോ ആണെന്ന ഭാവം .. വെറുപ്പാണ് തോന്നിയത് .അത് കൊണ്ട് തന്നെ കുറച്ചോരകലം എപ്പോഴും സൂക്ഷിച്ചു..

ജീവിത സായാന്ഹത്തിലെത്തിയ കെറുവ് മനസ്സില്‍ ഉള്ളതുകൊണ്ടാണോ എന്തോ.. ഒരിക്കല്‍ ജോലി സംബന്ധമായ ഒരു കാര്യത്തിന് ഒരുമിച്ചു പോകേണ്ടി വന്നപ്പോള്‍ പലതും സംസാരിച്ച കൂട്ടത്തില്‍ അയാളുടെ സ്വകാര്യ ജീവിതവും കടന്നു വന്നു.. അത് മുന്‍ ധാരണകളെ അപ്പാടെ മാറ്റി മറിച്ചു..അയാളുടെ വേദനകളെ മനസ്സിലെറ്റാന്‍ തുടങ്ങി..ചിരിച്ചും തമാശ പറഞ്ഞും നടക്കുന്ന ആ മനുഷ്യന്‍റെ ഉള്ളിലെ മുറിപ്പെട്ട മനസ്സ് വല്ലാതെ എന്‍റെ മനസ്സിനെയും നോവിക്കാന്‍ തുട്ടങ്ങി..അടുക്കും തോറും .അയാള്‍ എന്‍റെ ആരൊക്കെയോ ആയി.. വെക്കേഷന് ഒരുമിച്ചു നാട്ടില്‍ പോകുമ്പൊള്‍ അവന്‍ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.. "ചേട്ടന്‍ എത്രയും പെട്ടെന്ന് എന്‍റെ വീട്ടില്‍ വരണം..എനിക്ക് കുറെ പറയാനുണ്ട്.." ഞാന്‍ കടന്നു വന്ന വഴികളിലൂടെ ..അവയുടെ ഓര്‍മകളിലേക്ക് ചേട്ടനോടോത്തു ഒരു തിരിഞ്ഞു നടത്തം.. "വരില്ലേ..." തീര്‍ച്ചയായും വരാം.. "കാടിന്‍റെ മണമറിയാന്‍.." "കാട്ടു തേനിന്റെ രുചി അറിയാന്‍.." "പിന്നെ നിന്റെയാകാട്ടു പെണ്ണിന്‍റെ മനസ്സറിയാന്‍ " ഞാന്‍ വരാം..

വയനാടന്‍ ചുരത്തിലൂടെ വണ്ടി നിരങ്ങി നിരങ്ങി നീങ്ങുമ്പോള്‍ മനസ്സ് അവന്‍റെ അടുത്തെത്തിയിരുന്നു.. "യാത്ര സുഖമായിരുന്നില്ലേ " " ഉം കുഴപ്പമൊന്നുമുണ്ടായില്ല" "വരൂ" "ഇത്രയും ദൂരം വണ്ടി ഓടിച്ച്ചതല്ലേ.." വിശാലമായ കൃഷി ത്തോട്ടതിനുള്ളിലെ സാമാന്യത്തില്‍ അധികം വലിപ്പമുള്ള ആഡമ്പരം വിളിച്ചോതുന്ന വീട്.. ആരെയും കാണാതായപ്പോള്‍ ചോദിച്ചു.. "ഇവിടെ ജിബിയല്ലാതെ വേറെ ആരും ഇല്ലേ.." "അപ്പച്ചനും അമ്മച്ചിയും പെങ്ങളുടെ വീട്ടില്‍ പോയിരിക്കുന്നു ..വൈകീട്ട് വരും.. ചേട്ടന്‍ വരുന്ന വിവരം അവര്‍ക്കറിയാം.." "ക്ഷീണം കാണുംഇനി കുളിച്ചിട്ടു ബാക്കി കാര്യം." അവന്‍ തോര്‍ത്തും സോപ്പും കൈയ്യില്‍ തന്നിട്ട് പറഞ്ഞു... കുളി കഴിഞ്ഞപ്പോള്‍ ഒരു സുഖം തോന്നി... അപ്പോഴേക്കും ജോലിക്കാര്‍ ഭക്ഷണം മേശയില്‍ റെഡി ആക്കി വെച്ചിരുന്നു.. നമുക്ക് വല്ലതും കഴിച്ചിട്ടു പുറത്തിറങ്ങാം..

ജീപ്പ് ഒരു സൈഡില്‍ ഒതുക്കിയിട്ടു അവന്‍ പറഞ്ഞു ..
"ഇനി നടക്കാം അതാ നല്ലത്..." "എനിക്കും അതാണിഷ്ടം .." കുലച്ചു നില്‍ക്കുന്ന വാഴകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ അവന്‍ പറഞ്ഞു .. ആ കാണുന്നതാണ് പള്ളിയുടെ ശരണാലയം..വിവാഹം കഴിക്കാതെ അമ്മയാകുന്ന സ്ത്രീകളും .അച്ഛനില്ലാതെ ഉണ്ടായ കുട്ടികളും ആണ് അവിടെ..പള്ളിക്ക് അവിടെ സ്ഥലം കൊടുത്തത് എന്റെ അപ്പച്ചനാണ് .... ഇവിടന്നങോട്ട്‌ എല്ലാം ഞങളുടെയാണ്... ചേടന് അറിയാമോ ... "ഇവിടെ ഒരു പുഴയുണ്ടായിരുന്നു.....ഒരിക്കലും വറ്റാത്ത പുഴ ..." കെട്ടിക്കിടക്കുന്ന ചെറിയ ചെറിയ കുഴികള്‍ ചൂണ്ടി പറഞ്ഞു...ഞങ്ങള്‍ കുട്ടികള്‍ അക്കരെക്കും ഇക്കരെക്കും നീന്താന്‍ മല്സരിക്കുമായിരുന്നു...ഞങ്ങളുടെ വീട്ടിലെ കാര്യസ്ഥന്‍ വേലു മൂപ്പനാണ് എന്നെ നീന്തല്‍ പഠിപ്പിച്ചത്..കുറെ ആദി വാസിക്കുട്ടികളും ഉണ്ടാവും കുളിക്കാന്‍..കൂട്ടത്തില്‍ മല്ലികയും... എന്റെയും അവളുടെയും അരയില്‍ ഓരോ കയറു കെട്ടിയിട്ടാണ് മൂപ്പന്‍ വെള്ളത്തിലിറക്കുക.. നിലയില്ലാത്ത ഇടത്തെത്തുംപോള്‍ ഞങ്ങള്‍ താണു പോകും ..അപ്പോള്‍ അവളെന്നെ കെട്ടിപ്പിടിക്കും.. ഞങ്ങള്‍ രണ്ടാളും ഒരുമിച്ചു മുങ്ങും..അപ്പോള്‍ മൂപ്പ്പന്‍ വലിച്ചു കേറ്റും..അവളെന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം ഞാന്‍ എന്നും ആഴങ്ങളിലേക്ക് പോകും ..പിന്നാലെ അവളും..... മുകളില്‍ ഡാം കെട്ടിയപ്പോള്‍ ഇങ്ങോട്ട് നീരൊഴുക്ക് ഇല്ലാതായി.. ".ഞങ്ങളുടെ പുഴയെ അവര്‍ കൊന്നു..". പിന്നെ ആരൊക്കെയോ സ്ഥലം കൈയ്യേറി..പട്ടയം വാങ്ങി..അവര്‍ വില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അപ്പച്ചന്‍ അതെല്ലാം വാങ്ങി... "മരിച്ചിട്ടും എന്നെ വിട്ടു പോകാത്ത പുഴ..."

മുകളിലെ റബ്ബര്‍ തോട്ടത്തിലൂടെ നടക്കുമ്പോള്‍ അവന്‍ പറഞ്ഞു.."ശ്രദ്ധിച്ചു നടന്നോളൂ അട്ട കാലില്‍ കയറും.." "ഇത് ഒരിക്കല്‍ കാടായിരുന്നു..." അന്നൊന്നും ഇങ്ങോട്ട് ആരും വരില്ല..കാട്ടു പന്നിയും ആനയും എല്ലാം കാണും...ഇവിടെ നിന്നാണ് മൂപ്പന്‍ കാട്ടു തേന്‍ കൊണ്ട് വന്നു തരിക..വലിയ വലിയ മരങ്ങളില്‍ കയറി ആദിവാസികള്‍ തേന്‍ എടുക്കുന്നത് അതിശയം തന്നെയാണ്..തേനീച്ച അവരെ കാണുമ്പോള്‍ ഒഴിഞ്ഞു പോകും...അന്ന് അപ്പച്ചന് മലന്ച്ഛരക്ക് കടയുണ്ടായിരുന്നു...വലിയ മുളം കുമ്പത്തിലാക്കി മല്ലികയും തേന്‍ അവിടെ കൊണ്ട് വന്നു വില്‍ക്കും.. "ഒരിക്കല്‍ അപ്പച്ചന്‍ കാണാതെ ഞാന്‍ അവള്‍ക്കു കുറെ രൂപ കൊടുത്ത് ..അവള്‍ കരഞ്ഞു കൊണ്ട് അത് എന്‍റെ നേരെഎറിഞ്ഞു.. മരങ്ങളെല്ലാം മുറിച്ചു മാറ്റി സര്‍ക്കാര്‍ സ്ഥലം ആധിവാസികള്‍ക്ക് പതിച്ചു കൊടുത്തു..പിന്നീടെപ്പൊഴോ പട്ടയങ്ങള്‍ അപ്പച്ചന്റെ പെട്ടിക്കുള്ളിലായി..അവരെല്ലാം പിന്നെയും ദൂരേക്ക് മാറിപ്പോയി...കൂട്ടത്തില്‍ മല്ലികയും. "ആ മരം കണ്ടോ" അതിന്റെ താഴത്തെ ചില്ലയിലാണ് മൂപ്പന്‍ ഞങ്ങള്‍ക്ക് ഊഞ്ഞാല്‍ കെട്ടിത്തരിക.." ആകാശത്തിന്റെ രണ്ടറ്റവും തൊടണമെന്നവള്‍ പറയുമ്പോള്‍ ഞാന്‍ എല്ലാ ശക്തിയും എടുത്ത്‌ അവളെ ആട്ടും.. ഞങ്ങള്‍ ആ മരത്തിനടുത്തെത്തി .. ഈ മരത്തിലാണ് എന്‍റെ മല്ലിക ...അവന്‍ ആ മരത്തില്‍ ചാരിനിന്നു വിതുമ്പി.. "കൊന്നിട്ടും ചാകാത്ത കാടിന്‍റെ ..അവളുടെ" ഓര്‍മ്മക്കായി ഈമരം എന്‍റെ കൂടെ ഇപ്പോഴും...

"നമുക്ക് പോകാം" ഞാന്‍ പറഞ്ഞു... അകലെ ചെറിയ കൂരകള്‍ ചൂണ്ടിക്കാട്ടി അവന്‍ പറഞ്ഞു..
"അവിടെ "

അവനത്‌ മുഴുമിപ്പിക്കുന്നതിനു മുന്‍പ്‌ ഞാന്‍ ചോദിച്ചു..

"കുറെ മനുഷ്യര്‍ ഉണ്ടായിരുന്നല്ലേ..."

ഗോപി വെട്ടിക്കാട്ട്